വെള്ളയമ്പലം: വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠിച്ചു. തിരുവനന്തപുരം ലത്തീൻ അതിരുപതയുടെയും വെള്ളയമ്പലം ഇടവകയുടെയും സ്വർഗ്ഗീയ മധ്യസ്ഥയാണ് വി. കൊച്ചുത്രേസ്യ. വിശുദ്ധയുടെ ജന്മസ്ഥലമായ ഫ്രാൻസിലെ ലിസ്യുവിലെ നിന്നും കൊണ്ടുവന്ന തിരുശേഷിപ്പ് ഏപ്രിൽ 28 ഞായറാഴ്ച മൂന്ന് മണിക്ക് പാങ്ങോട് കർമലീത്ത ആശ്രമത്തിൽ നിന്നും പാളയം സെന്റ്. ജോസഫ്സ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ എത്തിച്ചു.
കർമലീത്ത മലബാർ പ്രൊവിൻഷ്യൽ വെരി റെവ. ഫാ. പീറ്റർ ചക്യാത്ത് ഓ.സി.ഡി യുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം ആഘോഷപൂർണ്ണമായ പ്രദക്ഷിണത്തോടെ തിരുശേഷിപ്പ് വെള്ളയമ്പലം കൊച്ചുത്രേസ്യ ദേവലയത്തിലെത്തിച്ചേർന്നു. തുടർന്ന് അതിരൂപത അധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കൃതജ്ഞത ദിവ്യബലിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. വെള്ളയമ്പലം ഇടവക വികാരി റവ. ഡോ. മൈക്കിൾ തോമസ് കൃതജ്ഞതയർപ്പിച്ചു.