വത്തിക്കാൻ സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്ന് കയറുമ്പോൾ അതിനൊരു നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്ന വത്തിക്കാൻ നൈതിക കരാറിൽ ബഹുമുഖ വിവരസാങ്കേതിക കമ്പനിയായ ചിസ്‌കോ ഒപ്പുവച്ചു. അടിസ്ഥാന സൗകര്യങ്ങൾ, വിവര സംരക്ഷണം സുരക്ഷിതത്വം എന്നിവയുടെ വൈദഗ്ധ്യം ചിസ്‌കോ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്ന് പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ വിൻചെൻസൊ പാല്യ പറഞ്ഞു.
“റോം കോൾ ഫോർ എത്തിക്സ്” എന്ന തലക്കെട്ടിലാണ് ബഹുരാഷ്ട്ര കമ്പനികളുമായി എ ഐ യുടെ നൈതികമായ ഉപയോഗത്തിനു വത്തിക്കാൻ കരാർ ഉണ്ടാക്കി, അതിൽ ഒപ്പു വയ്ക്കുന്നത്. കൃത്രിമ ബുദ്ധിയുടെ വികസനത്തിൻ്റെ ധാർമ്മികത എന്നത്തേക്കാളും അടിയന്തിരമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ലോകം മുഴുവൻ. അതിനാൽ ഇത്തരത്തിൽ ഒരു കരാറിന്റെ പ്രസക്തിയും എടുത്തു പറയേണ്ടതാണ്. ഇതിനോടകം കരാറിൽ ഒപ്പുവച്ച കമ്പനികളിൽ, മൈക്രോസോഫ്റ്റ്, ഐ ബി എം എന്നിവയും ഉൾപ്പെടുന്നു.
അതേസമയം ഇറ്റലിയിൽ ജൂൺ 13 മുതൽ 15 വരെ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ആർട്ടിഫിഷൽ ഇന്റലിജൻസിനെ ആസ്പദമാക്കി നടക്കുന്ന സെഷനിലായിരിക്കും പാപ്പ പങ്കെടുക്കുക. ഇതാദ്യമായാണ് ഒരു പാപ്പ ലോകത്തിലെ വൻശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഫ്രാൻസിസ് പാപ്പ സെപ്റ്റംബറിൽ ന്യൂയോർക്കിലെത്തി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.