വെള്ളയമ്പലം: അവധിക്കാലത്ത് കുട്ടികളുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്താനുപകരിക്കുന്ന വിശ്വാസോത്സവത്തിനായുള്ള മതാധ്യാപകരുടെ പരിശീലന പരിപാടി അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്നു. മാർച്ച് 9 ശനിയാഴ്ച വെള്ളയമ്പലം പാരിഷ്ഹാളിൽ നടന്ന പരിശീലന പരിപാടി അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം ഉദ്ഘാടനം ചെയ്തു.
പരിശീലനത്തിൽ പങ്കെടുത്ത 107 ക്രിസ്തീയ ജീവിത പരിശീലന അധ്യാപകരെ 8 ഗ്രൂപ്പുകളാക്കി ഉല്പത്തി പുസ്തകം ആസ്പദമാക്കിയാണ് പരിശീലനം നൽകിയത്. ബൈബിളിലെ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയും കുട്ടികളിൽ വിശ്വാസം, അനുസരണം, പ്രത്യാശ, സമർപ്പണം, കൂട്ടായ്മ, നേതൃത്വം എന്നീ ഗുണങ്ങൾ വളർത്തുന്നതിനും സഹായകരമാകും വിധത്തിൽ കളികളിലൂടെയും ഗാനങ്ങളിലൂടെയും സ്കിറ്റുകളിലൂടെയുമാണ് അധ്യാപകരെ പരിശീലിപ്പിച്ചത്. പരിശീലനത്തിന് റിസോഴ്സ് ടീം അംഗങ്ങളായഷാജു ആന്റണി, ബെന്നി ജെയിംസ് എന്നിവർ നേതൃത്വം നല്കി. പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകരുടെ നേതൃത്വത്തിൽ അവധിക്കാലത്ത് ഇടവകകളിൽ കുട്ടികൾക്കായി വിശ്വാസോത്സവം സംഘടിപ്പിക്കും. പരിപാടിയിൽ പങ്കെടുത്തവർക്ക് അതിരൂപത മതബോധന സെക്രട്ടറി ശ്രീ സിൽവദാസ് കൃതജ്ഞതയേകി.