തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകർന്നു. ശക്തമായ തിരതള്ളലിലാണ് ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം തകർന്നത്. പാലം രണ്ടായി വേര്‍പെട്ടു. ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട് വളരെയേറ ആശ്രയിച്ചിരുന്ന ഒന്നാണ് വലിയതുറ കടല്പാലം. അതിനാൽതന്നെ പാലത്തെ സംരക്ഷിക്കണമെന്നും ശക്തിപ്പെടുത്തണമെന്ന മത്സ്യതൊഴിലാളികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾക്കുനേരെ മുഖംതിരിക്കുന്ന സർക്കാർസമീപനം ഈ വിഷയത്തിലും തുടർന്നു.
രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം ശക്തമായ തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാലം തകർന്നിരിക്കുന്നത്.
2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. 1947ല്‍ എം വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ നിരവധിപേര്‍ മരിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് 1959ല്‍ ഇപ്പോഴുള്ള പാലം പുനര്‍നിർമ്മിച്ചത്.