തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത തോമസ് ജെ. നെറ്റോ തന്റെ നോമ്പുകാല ഇടയ സന്ദേശം വിശ്വാസികൾക്ക് നൽകി. ഫെബ്രുവരി 18 ഞായറാഴ്ച ദിവ്യബലി മധ്യേയാണ് സന്ദേശം ദൈവാലയങ്ങളിൽ വായിച്ചത്. ഫ്രാൻസിസ് പാപ്പ നൽകിയ നോമ്പുകാല സന്ദേശം ഉൾകൊള്ളിച്ചാണ് മെത്രാപൊലീത്തയുടെ സന്ദേശം പുറത്തിറക്കിയത്. പാപത്തിന്റെ അടിമത്തത്തിൽ നിന്നും സ്വതന്ത്ര്യം പ്രാപിക്കാനുള്ള അവസരമാണ് ഒരോ നോമ്പുകാലവുമെന്ന് സന്ദേശത്തിൽ പറയുന്നു. അതുപോലെ വർത്തമാന ലോകത്ത് രാഷ്ട്രിയ, സാമൂഹിക, പാരിസ്ഥിതിക അപഭ്രംശം കാരണം ജീവിതം പ്രതിസന്ധിയിലാകുന്ന സാധാരണക്കാരയ ജനങ്ങളെ ചേർത്തുപിടിക്കണമെന്നും ഇടയസന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.
ഇടയസന്ദേശത്തിന്റെ പൂർണ്ണ രൂപം:
ക്രിസ്തുവില്‍ പ്രിയ വൈദികരേ, സന്യസ്തരേ, സഹോദരീസഹോദരന്മാരേ,
ക്രിസ്തീയവിശ്വാസജീവിത നവീകരണത്തിന് വീണ്ടുമൊരു തപസ്സുകാലം സര്‍വ്വശക്തനായ ദൈവം സഭാമക്കളായ നമുക്ക് നല്കിയിരിക്കുന്നു. കരിക്കുറിപ്പെരു നാളോടുകൂടി ഈ വര്‍ഷത്തെ തപസ്സുകാലത്തിന് നാം ആരംഭം കുറിച്ചുകഴിഞ്ഞു. കടന്നുവരുന്ന നാളുകള്‍ ഉയിര്‍പ്പ് പെരുന്നാളിനായുള്ള ഒരുക്കത്തിന്റെ അവസരമാണ്. പാപമാലിന്യങ്ങളില്‍ നിന്നും തിന്മയുടെ പിടിയില്‍ നിന്നും അകന്നുമാറാനായി നമുക്കോരോരുത്തര്‍ക്കും നമ്മിലേക്കു തന്നെ തിരിഞ്ഞ് നോക്കാം. എവിടെയെങ്കിലുമൊക്കെ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ദൈവകൃപയില്‍ ആശ്രയിച്ച് അവ തിരുത്തുവാനുള്ള പരിശ്രമങ്ങളില്‍ നമുക്ക് ഏര്‍പ്പെടാം. ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങളും ആത്മാര്‍ത്ഥമായി അനുഷ്ടിച്ചു കൊണ്ട് ഈ തപസ്സുകാലം കൂടുതല്‍ അനുഗ്രഹീതമാക്കാം. തപസ്സുകാലത്ത് മത്സ്യ മാംസാദികള്‍ ഉപേക്ഷിക്കുന്നതും ആഡംബരജീവിത രീതികള്‍ ഒഴിവാക്കുന്നതും ആത്മ നിയന്ത്രണത്തിന്റെയും പരിത്യാഗത്തിന്റെയും ജീവിതശൈലി സ്വീകരിക്കുന്നതും ക്രിസ്തുവിന്റെ പീഡാനുഭവത്തോടുള്ള ഐക്യപ്പെടലിന്റെ അടയാളങ്ങളാണ്. സജീവമായ കൂദാശകളുടെ സ്വീകരണം, വിശേഷിച്ച് കുമ്പസാരവും ദിവ്യകാരുണ്യ സ്വീകരണവും, കൂടാതെ ദൈവവചനപാരായണം, ജീവകാരുണ്യ പ്രവര്‍ത്തികള്‍ തുടങ്ങിയവയും ഈ തപസ്സുകാലത്ത് കുറെകൂടി അര്‍ത്ഥവത്തായി നമുക്ക് നിര്‍വ്വഹിക്കാം.
പാപ്പയുടെ തപസ്സുകാല സന്ദേശം
ഈ വര്‍ഷത്തെ തപസ്സുകാലസന്ദേശമായി ഫ്രാന്‍സിസ് പാപ്പ നല്കുന്ന വിഷയം ”മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു” എന്നതാണ്. പുറപ്പാട് സംഭവത്തില്‍ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിന്റെ സന്ദേശം നല്കികൊണ്ടാണ്. ദൈവം അരുള്‍ ചെയ്യുന്നു: ”അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തു കൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്” (പുറ. 20:2). സീനായ് മലമുകളില്‍ വച്ച് ദൈവം മോശയ്ക്ക് നല്കിയ പത്തുകല്പനകളിലെ ആദ്യ വാക്കുകളാണിവ. അടിമത്തത്തിന്റെ ജീവിതത്തില്‍ നിന്ന് ദൈവം ഇസ്രായേല്‍ ജനതയെ ഒരു യാത്രയിലൂടെ പാകപ്പെടുത്തി സ്വാതന്ത്ര്യത്തിലേയ്ക്ക് എത്തിക്കുന്നു. എന്നാല്‍ പലപ്പോഴും ഈ ജനത അടിമത്തത്തിന്റെ ഭവനത്തിലേക്ക് വീണ്ടും തിരികെപോകുവാന്‍ ആഗ്രഹിക്കുന്നുണ്ട്. ദൈവം ഇന്ന് നമ്മെയും ശരിയായ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നുണ്ട്. പക്ഷേ, ഇസ്രായേല്‍ ജനതയെപോലെ നാം അടിമത്തത്തില്‍ തന്നെ കഴിയുവാന്‍ പലപ്പോഴും ആഗ്രഹിക്കുന്നു. ദൈവം നല്കുന്ന സ്വാതന്ത്ര്യത്തിന്റെ ആനന്ദമാണ് ഈ തപസ്സുകാലത്ത് നാം അനുഭവിക്കേണ്ടത്. നമ്മെ വീണ്ടും വീണ്ടും അടിമത്തത്തിലാക്കുന്ന ജീവിത സാഹചര്യങ്ങളില്‍നിന്ന് അകന്നുനില്ക്കുവാന്‍ നമുക്കാകണം.
അടിമത്തത്തിന്റെ സാഹചര്യങ്ങള്‍
ഈ തപസ്സുകാലത്ത് അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര സാധ്യമാകണമെങ്കില്‍ നാം നമുക്കു ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്ക് നമ്മുടെ കണ്ണുകള്‍ തുറക്കണം എന്നാണ് പാപ്പ ഓര്‍മ്മിപ്പിക്കുന്നത്. ഈജിപ്ത്തില്‍ ഇസ്രായേല്യരുടെ ദുരിതങ്ങളിലേക്ക് ദൈവം തന്റെ കണ്ണുതുറന്നു. അവിടുന്ന് അരുള്‍ ചെയ്തു: ”ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍ നിന്ന് ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു. ഈജിപ്തുകാരുടെ കൈയില്‍ നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്ന് ക്ഷേമവും വിസ്ത്രിതവും, തേനും പാലും ഒഴുകുന്ന ഒരു ദേശത്തേക്ക്…. അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്” (പുറ. 3:7-8). ഇന്നും ദുരിതമനുഭവിക്കുന്നവരുടെ രോദനം സ്വര്‍ഗത്തിലേക്കുയരുന്നു. ദാരിദ്ര്യവും തീവ്രവാദവും മതമൗലിക വിഭാഗീയതയും മനുഷ്യജീവിതം ദുഃസഹമാക്കുന്നു. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ അപഹരിക്കുന്ന യുദ്ധങ്ങള്‍ സ്ത്രീകളെയും വൃദ്ധരെയും കുഞ്ഞുങ്ങളെയും അപായത്തിലേക്കും അശരണതയിലേക്കും തള്ളിവിടുന്നു. കൂടാതെ മനുഷ്യന്റെ സ്വാര്‍ത്ഥതമൂലം സൃഷ്ടിക്കപ്പെടുന്ന പ്രകൃതിശോഷണം, ജല-വായൂ മലിനീകരണം, ചൂഷണം, തൊഴിലില്ലായ്മ തുടങ്ങിയവയും മനുഷ്യജീവിതത്തെ കൂടുതല്‍ ക്ലേശകരമാക്കുന്നു.
ഇതുപോലെ ഭയാനകമായ ജീവിതാവസ്ഥകളിലൂടെയാണ് നാമും കടന്നുപോകുന്നത്. കാര്‍ഷികമേഖലയിലും പരമ്പരാഗത മീന്‍പിടിത്ത-അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. അരികിലാക്കപ്പെട്ട നമ്മുടെ ജനസമൂഹങ്ങളുടെ അവസ്ഥ നാള്‍ക്കുനാള്‍ അതിഭയാനമാകുകയാണ്. സാമൂഹികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും നമ്മെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കൊടിയ അനീതിയും മനുഷ്യാവകാശ നിഷേധവുമാണ്. നമുക്കര്‍ഹമായ അവകാശങ്ങള്‍പോലും നിഷേധിക്കുന്ന, വിഘടിപ്പിച്ചു നിര്‍ത്തി നമ്മെ ദുര്‍ബലപ്പെടുത്തുന്ന മനോഭാവങ്ങളോട് പൊരുത്തപ്പെടാനാകാത്ത സാഹചര്യമാണ് ഇന്നുള്ളത്. കടലിലും തീരത്തും നിരവധി മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്നത് മത്സ്യതൊഴിലാളികളുടെ ഉപജീവനത്തെയും അതിജീവനത്തെയും തകര്‍ക്കുന്നു. പരിസ്ഥിതി സൗഹൃദമല്ലാത്ത കടല്‍ത്തീരകൈയേറ്റങ്ങള്‍ തീരശോഷണത്തിനും ഭവനനഷ്ടത്തിനും തൊഴിലില്ലായ്മയ്ക്കും കാരണമാകുന്നു. ലഹരിയുടെ ഉപയോഗവും വ്യാപനവും നമ്മുടെ യുവതലമുറയെ പാടെ നശിപ്പിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. ഇതു നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും നിഷ്‌ക്രിയമാണ്. അടിമത്തത്തിന്റെ ഈ സാഹചര്യങ്ങള്‍മൂലം ദുരിത മനുഭവിക്കുന്നവരുടെ നിലവിളികള്‍ ശ്രദ്ധിക്കപ്പെടേണ്ട തലങ്ങളില്‍ എത്തുന്നില്ല. മാത്രമല്ല, പ്രശ്‌നപരിഹാരങ്ങള്‍ കടലാസുകളില്‍ മാത്രം ഒതുങ്ങിനില്ക്കുകയും ചെയ്യുന്നു. ഈ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ നിന്നും നാം മോചിതരാകുവാനും നമുക്ക് ചുറ്റുമുള്ള നമ്മുടെ സഹോദരങ്ങളുടെ വിലാപങ്ങള്‍ കേള്‍ക്കുവാനും നമുക്ക് ബാധ്യതയുണ്ടെന്ന് തപസ്സുകാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിലേക്ക്….
കാലാകാലങ്ങളില്‍ മനുഷ്യര്‍ അനുഭവിക്കുന്ന അടിമത്തത്തില്‍നിന്ന് അവരെ മോചിപ്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. പുറപ്പാട് സംഭവത്തിലുടനീളം ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ദൈവത്തെയാണ് നാം കാണുന്നത്. അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള ഇസ്രായേല്‍ ജനത്തിന്റെ യാത്ര മരുഭൂമിയിലൂടെയായിരുന്നുവല്ലോ? മരുഭൂമിയില്‍ അവര്‍ ദൈവസാന്നിദ്ധ്യം അനുഭവിച്ചു. ദൈവം അവര്‍ക്ക് സമീപസ്ഥനായിരുന്നു. ദൈവം നല്കുന്ന സ്വാതന്ത്ര്യം മരുഭൂമിയില്‍ അവര്‍ അനുഭവിച്ചു. യേശുവും ഈയൊരു അനുഭവത്തിലൂടെ കടന്നു പോയി. ജ്ഞാനസ്‌നാനത്തിന് ശേഷം ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചു. പ്രലോഭനങ്ങളുടെ അടിമത്തത്തില്‍ അകപ്പെടുവാനുള്ള സര്‍വ്വസാഹചര്യങ്ങളും മരുഭൂമിയില്‍ യേശുവിനുണ്ടായി. എന്നാല്‍ യേശുവിന്റെ മരുഭൂമി അനുഭവം ദൈവികസ്വാതന്ത്ര്യം അനുഭവിക്കുവാനുള്ള ഇടമായി മാറി. പ്രലോഭനങ്ങളെ അതിജീവിച്ച് യേശു സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചു. ഇന്നും അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കുന്നതില്‍ നിന്നും ദൈവം ഒരിക്കലും വിരമിക്കുന്നില്ല. ദൈവം നല്കുന്ന പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുഭവിക്കുവാനുള്ള അവസരമായി തപസ്സുകാലം മാറണം.
പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍
ദൈവം നല്കുന്ന പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്ക് അനുഭവിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ മൂന്നു വഴികള്‍ ചൂണ്ടികാണിക്കുന്നു:
ഒന്ന്, മാനസാന്തരം. നമുക്ക് ചുറ്റുമുള്ള അടിമത്തത്തിന്റെ സാഹചര്യങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തെ ഭാരമുള്ളതാക്കുന്നു. ഇപ്രകാരം ഭാരപ്പെടുന്ന സഹോദരരുടെ വേദനയില്‍ പങ്കുചേര്‍ന്ന് അവരുടെ ഭാരം ലഘൂകരിക്കുവാനുള്ള ഒരു ശ്രമമാണ് യഥാര്‍ത്ഥ മാനസാന്തരം. നല്ല സമരിയാക്കാരനെപ്പോലെ (ലൂക്കാ 10:33-34), മുറിവേറ്റ എന്റെ സഹോദരന്റെ അഥവാ സഹോദരിയുടെ അടുത്തേക്ക് സഹായഹസ്തവുമായി നടന്നടുക്കാനുള്ള മാനസിക അവസ്ഥയാണ് മാനസാന്തരം.
രണ്ട്, വ്യഗ്രത നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള അകന്നുനില്പ്. ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍ നമ്മെയെല്ലാവരെയും അസ്വസ്ഥതകളിലേക്കും തിരക്കുകളിലേക്കും നയിക്കുന്നതാണ്. ഇതില്‍ നിന്നെല്ലാം മാറി ഓരോ ദിവസവും അല്പസമയം ഏകാന്തതയില്‍ ധ്യാനാത്മകമായി ദൈവാരൂപിയില്‍ ചിലവഴിക്കുവാന്‍ നമുക്ക് കഴിയണം. ഏകാന്തതയില്‍ ദൈവസ്വരം കേള്‍ക്കുവാനും കൂടെയുള്ള വരുടെയും സഹയാത്രികരുടെയും രോദനം കേള്‍ക്കാനും അവരുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കുവാനും നമുക്ക് കഴിയും.
മൂന്ന്, കൂട്ടായ തീരുമാനങ്ങളുടെ ആവശ്യം. സിനഡാത്മക സഭയെക്കുറിച്ചുള്ള ചിന്തകള്‍ കൂടുതല്‍ ആഴപ്പെടുന്ന ഒരു സാഹചര്യത്തിലാണല്ലോ നാം ജീവിക്കുന്നത്. പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ ഉതകുന്ന ചെറുതും വലുതുമായ പല തീരുമാനങ്ങളും കുടുംബങ്ങളിലും കുടുംബ കൂട്ടായ്മകളിലും ഇടവകയിലും നമുക്ക് എടുക്കേണ്ടിവരും. ഈ തീരുമാനങ്ങള്‍ പരസ്പരം ശ്രവിച്ചുകൊണ്ട് കൂട്ടായ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തുവാന്‍ നമുക്ക് കഴിയണം. നമ്മുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുവാനും അതിജീവിക്കുവാനും ഇതിലൂടെ നമുക്ക് കഴിയും.
ഉപസംഹാരം
നമ്മെ വേദനിപ്പിക്കുന്ന അനുഭവങ്ങളും സാഹചര്യങ്ങളും ഒരു യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. എങ്കിലും ആത്യന്തികമായ നമ്മുടെ ആശ്രയം ദൈവത്തിലാണ്. ദൈവം നമ്മുടെ രക്ഷാശിലയും കോട്ടയും വിമോചകനും നമുക്ക് അഭയം തരുന്ന പാറയുമായി (സങ്കീ. 18:2) നില്ക്കുന്നുവെന്നതാണ് നമ്മുടെ പ്രതീക്ഷയും പ്രത്യാശയും. മരണത്തിന്റെ സംസ്‌ക്കാരം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. എന്നാല്‍ നാം ഉറ്റുനോക്കേണ്ടത് ജീവന്റെ സംസ്‌ക്കാരത്തിലേക്കാണ്. സ്രഷ്ടാവായ ദൈവം യേശുവിലൂടെ നല്കാനാഗ്രഹിക്കുന്ന പൂര്‍ണ്ണസ്വാതന്ത്ര്യം ജീവനാണ്. ഈ തപസ്സുകാലത്ത് അടിമത്തത്തിന്റെ സാഹചര്യങ്ങളില്‍ ഭയപ്പെടാതെ സ്വാതന്ത്ര്യത്തിന്റെ ജീവനില്‍ പ്രത്യാശയര്‍പ്പിച്ച് മുന്നേറാം. ഈ യാത്രയില്‍ അടിമത്തത്തില്‍ നിന്നും മാനവരാശിയെ സ്വാതന്ത്യത്തിലേക്ക് ആനയിച്ച യേശുക്രിസ്തുവിന് ജന്മം നല്‍കിയ പരിശുദ്ധ കന്യകാമറിയം നമുക്ക് ശക്തയായ മധ്യസ്ഥയായിരിക്കട്ടെ!
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!
സ്‌നേഹാശംസകളോടെ,
† തോമസ് ജെ. നെറ്റോ
തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത