തിരുവനന്തപുരം∙ ‘കടപ്പുറത്തല്ലേ ഇവൾ ജനിച്ചത്? കോടതിയിൽ കയറിയിട്ട് ഇവളെന്തു ചെയ്യാൻ?..’– ഗൗണണിഞ്ഞ് നടന്ന അഡ്വ. സെലിൻ വിൽഫ്രഡിന് ആദ്യം നേരിടേണ്ടി വന്നത് പരിഹാസമായിരുന്നു. പരിഹാസം കരുത്താക്കി നിയമവഴികളിലൂടെ അഡ്വ. സെലിൻ തലയുയർത്തി നടന്നപ്പോൾ കളിയാക്കിയവരുടെ നാവടഞ്ഞു. നാവ് പിഴയ്ക്കാത്തിടത്തോളം കാലം ജോലി തുടരുമെന്ന് പ്രഖ്യാപിച്ചിരുന്ന അഡ്വ. സെലിൻ മരിക്കുന്നതിനും ഏതാനും ദിവസം മുമ്പ് വരെ കോടതിയിൽ ഹാജരായിരുന്നു. പടികൾ കയറാൻ സംവിധാനമുള്ള ഇലക്ട്രിക് വീൽ ചെയറിൽ ആയിരുന്നു എത്തിയത്.
തീരത്തു നിന്നൊരു തീപ്പൊരി വക്കീൽ
തീരപ്രദേശമായ പൂവാർ പുല്ലുവിളയിൽ മത്സ്യത്തൊഴിലാളി ഗ്രാമത്തിലാണ് ഫെർണാണ്ടസ്– ആഞ്ജലീന ദമ്പതികളുടെ ഏക മകളായ സെലിൻ ജനിച്ചത്. സിലോണിൽ പത്രപ്രവർത്തകനായിരുന്നു ഫെർണാണ്ടസ്. പിന്നീട് പോസ്‌റ്റ് ഓഫിസിൽ ജോലി കിട്ടി. സിംഗപ്പൂരിലേക്ക് പോയ ഫെർണാണ്ടസ് മടങ്ങി വന്നില്ല. യുദ്ധത്തിനിടെ ഫെർണാണ്ടസ് മരിച്ചെന്ന വാർത്ത അറിയാതെ ആഞ്ജലീനയും മകളും ഏറെ നാൾ കാത്തിരുന്നു. മരണ വാർത്ത കിട്ടിയതോടെ കുടുംബം അനാഥമായി.
പിന്നീട് പയ്യന്നൂർ മുൻസിഫ് കോടതിയിൽ ക്ലാർക്കായിരുന്ന സെലിനോട് അഭിഭാഷകയാകാൻ അന്നാ ചാണ്ടി നിർദേശിച്ചു. ഇത് സെലിൻ– വിൽഫ്രഡ് സെബാസ്റ്റ്യൻ ദമ്പതികളുടെ ജീവിതം മാറ്റിമറിച്ചു. ഒരുമിച്ച് എൻറോൾ ചെയ്ത ദമ്പതികളിൽ അഡ്വ. സെലിൻ കെ.വേലപ്പൻ നായർക്കു കീഴിൽ പ്രാക്ടീസ് തുടങ്ങി. 1972ൽ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്ലോസിക്യൂട്ടറായി.
അഡ്വ. സെലിന് എതിരെ അഡ്വ. വിൽഫ്രഡ് ഹാജരായ ഒരു കേസിൽ അഡ്വ. സെലിനായിരുന്നു വിജയം എന്ന് സെലിന്റെ ജൂനിയറും മുൻ പബ്ലിക് പ്ലീഡറും പ്ലോസിക്യൂട്ടറുമായ എ.സന്തോഷ്കുമാർ പറയുന്നു. വിവിധ കാലങ്ങളിൽ ഭാര്യമാരെ കൊലപ്പെടുത്തിയ ഒൻപതു ഭർത്താക്കന്മാരെ ശിക്ഷിക്കാൻ വഴിയൊരുക്കി. കോർപറേഷൻ ഓഫിസിലെ ഇരട്ടക്കൊലപാതകം, വർക്കല ഇരട്ടക്കൊലപാതകം എന്നിവയിലും പ്രതികളെ ശിക്ഷിച്ചു. ചെറിയതുറ വെടിവയ്പ്, കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസ്, ശിവഗിരി കേസ് തുടങ്ങി നിരവധി കേസുകളിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.
വക്കീൽ മുത്തശ്ശി, സെലിൻ ചേച്ചി….
വഞ്ചിയൂർ കോടതിയിലെ നിറ സാന്നിധ്യമായിരുന്നു സെലിൻ. വക്കീൽ മുത്തശിയെന്നും, സെലിൻ ചേച്ചിയെന്നും സെലിനാമ്മയെന്നുമാണ് അഭിഭാഷകർ വിളിക്കുന്നത്. സെലിൻ യുവ അഭിഭാഷകർക്ക് എന്നും പ്രചോദനമായിരുന്നു. കഴിഞ്ഞ മാസം 4ന് നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയിലും പിറ്റേന്ന് അഡിഷനൽ സെഷൻസ് കോടതിയിലും സെലിൻ എത്തി. അഭിഭാഷക കുടുംബമാണ് സെലിന്റേത്. മകൻ സുരേഷും, സുരേഷിന്റെ ഭാര്യ സീന ഫെർണാണ്ടസും, ഇവരുടെ മകൻ വിൽസ്റ്റണും അഭിഭാഷകർ.
വഞ്ചിയൂർ കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകയും ദീർഘകാലം ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന സെലിൻ വിൽഫ്രഡ് (87) 2024 ഫെബ്രുവരി 9 ന് അന്തരിച്ചു. 59 വർഷമായി വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയായിരുന്നു. 1972 മുതൽ തുടർച്ചയായി 15 വർഷം തിരുവനന്തപുരം ജില്ലാ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി. അധ്യാപകനായിരുന്ന ഭർത്താവ്, പരേതനായ വിൽഫ്രഡ് സെബാസ്റ്റ്യനും ജോലി ഉപേക്ഷിച്ച് ഭാര്യയോടൊപ്പം തിരുവനന്തപുരം ലോ കോളജിൽ നിന്നു ബിരുദമെടുത്തു. ഒരുമിച്ച് എൻറോൾ ചെയ്ത ആദ്യ അഭിഭാഷക ദമ്പതികളും ഇവരായിരുന്നു. മുൻ മന്ത്രി ആന്റണി രാജു ഉൾപ്പെടെ 200ൽപ്പരം പേർ ജൂനിയറായി പ്രാക്ടീസ് ചെയ്തു. കോൺഗ്രസ് നേതാവായിരുന്ന വിൽഫ്രഡ് സെബാസ്റ്റ്യൻ 1965ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് വിജയിച്ചെങ്കിലും സഭ രൂപീകരിച്ചില്ല.
59 വർഷത്തെ അഭിഭാഷക അനുഭവങ്ങൾ എഴുതി പൂർത്തിയാക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് സെലിൻ മടങ്ങുന്നത്. 2 വർഷമായി ആത്മകഥ എഴുതുകയായിരുന്നു സെലിൻ. ആകാശവാണിയിലെ സ്ഥിരം ഗായികയായിരുന്ന സെലിൻ, വോക്കൽ കോഡിനുണ്ടായ തകരാറിനെ തുടർന്നാണ് കളം വിട്ടതെന്ന് അധികമാർക്കും അറിയാത്ത രഹസ്യം.
കടപ്പാട്: മലയാള മനോരമ