വിഴിഞ്ഞം: മീനിന്റെ ചെവിക്കല്ലിൽ (ഓട്ടോലിത്ത്) ഇനി ആഭരണങ്ങളൊരുങ്ങും. തേഡ്, വെള്ളക്കോര, ചെന്നവര, ഓയിൽ ഫിഷ് എന്നിവയുടെ ചെവിയുടെ ഭാഗത്തുള്ള രണ്ട് കല്ലുകളാണ് ആഭരണങ്ങളായി ഉപയോഗിക്കുന്നത്. വെള്ളാരങ്കല്ലിന് സമാനമാണിവ. ഐ.സി.എ.ആർ കേന്ദ്രസമുദ്ര മത്സ്യഗവേഷണസ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) നേതൃത്വത്തിലാണ് ഇവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകുന്നത്. ആദ്യഘട്ടമായി 20 വനിതകൾക്കായുള്ള അഞ്ച് ദിവസത്തെ പരിശീലനം വിഴിഞ്ഞത്ത് ആരംഭിച്ചു.
വിവിധ ലോഹങ്ങളിൽ ഈ കല്ല് പതിപ്പിച്ചും ധരിക്കാം. വർഷങ്ങൾ കേടുകൂടാതെ ഉപയോഗിക്കാനും കഴിയും. ചെന്നവരയുടെയും തേഡിന്റെയും അര സെന്റിമീറ്ററും, വെള്ളക്കോരയുടെ ഒരു സെന്റിമീറ്ററും, ഓയിൽ ഫിഷിന്റേത് ഒന്നു മുതൽ മൂന്ന് സെന്റിമീറ്റർ വരെ വലുപ്പവുമുള്ള കല്ലുകളാണ് ലഭിക്കുന്നത്. ഓയിൽ ഫിഷിന്റെ കല്ലുകളിൽ കമ്മൽ, മോതിരം, ലോക്കറ്റ് തുടങ്ങിയവ നിർമ്മിക്കാം. കൗതുകത്തിനപ്പുറം ചെറുവരുമാനവും ലഭിക്കും. സീസണിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മത്സ്യത്തിൽ നിന്ന് ചെവിക്കല്ല് ശേഖരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാനുമാകും.
ഈജിപ്തിൽ ശുഭാപ്തി വിശ്വാസത്തിന്റെ ഭാഗമായി ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കാറുണ്ടത്രേ! കല്ലിന്റെയും ആഭരണത്തിന്റെയും വലിപ്പമനുസരിച്ച് 200 മുതൽ 500 രൂപ വരെ വില ലഭിക്കും. പരിശീലനം ലഭിക്കുന്നവർക്ക് വ്യക്തിഗതമായും ഗ്രൂപ്പായും ആഭരണം നിർമ്മിക്കാം. ഇവർ നിർമ്മിക്കുന്ന ആഭരണങ്ങൾ പൊതു മാർക്കറ്റിലൂടെയോ ഫാൻസി കടകളിലൂടെയോ വിൽക്കാനുമാകും. കൂടാതെ കോവളം പോലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശത്തിന്റെ വിപണന സാധ്യതയും പ്രയോജനപെടുത്താനും സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.