ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ 36-ാമത് പൊതുസമ്മേളനത്തിന് ഇന്ന് ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളജിൽ തുടക്കമായി. ഇന്ത്യക്കും നേപ്പാളിനും വേണ്ടിയുള്ള വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേല്ലി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സമകാലിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളോടുള്ള സഭയുടെ പ്രതികരണവും നിർമിതബുദ്ധിയുടെ പ്രയോജനങ്ങളും വെല്ലുവിളികളും എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ കേന്ദ്രപ്രമേയം.
കാലിക പ്രസക്തമായ അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ ചെലുത്താനുള്ള സഭയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതായിരിക്കും സമ്മേളനം. ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ പ്രസിദ്ധീകരിച്ച ആഗോള ആശയവിനിമയ ദിനത്തിനായുള്ള സന്ദേശവുമായി ചേർന്നു പോകുന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. വർത്തമാന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ, 2023ലെ സിനഡ് തീരുമാനങ്ങൾ, മണിപ്പുരിലെ സാഹചര്യം, ഇന്ത്യയിലെ ക്രൈസ്തവരുടെ അവസ്ഥ എന്നിവയാണ് സമ്മേളനത്തിൻ്റെ മുഖ്യ അജണ്ട.
സമ്മേളനത്തിൻ്റെ മൂന്നാം ദിനമായ ഫെബ്രുവരി രണ്ടിന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വിൻചെൻസോ പാലിയ നിർമിതബുദ്ധിയുടെ പ്രയോജനങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കും. കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ്പ് ലീനസ് നെലി, സുധീന്ദ്ര കുൽക്കർണി, ഫാ. ജോ സേവ്യർ എസ്ജെ, ഫാ. സെൽവകുമാർ, റോബിൻ ക്രിസ്റ്റഫർ എന്നിവർ പ്രസംഗിക്കും. ഫെബ്രുവരി ആറിന് സിബിസിഐയുടെ പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കും.