വത്തിക്കാൻ: 2023 ഡിസംബർ 17 ന് ഫ്രാൻസിസ് പാപ്പയ്ക്ക് 87 വയസ്. ദൈവം നൽകിയ അതിജീവനത്തിന്റെ ശക്തി പാപ്പയിൽ ഉണ്ട്. ആ ശക്തി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ആ ശക്തി സഭയെ നയിക്കാൻ പാപ്പായെ പ്രചോദിപ്പിക്കുന്നു. ആ ശക്തി പ്രതിസന്ധികളെ അതിജീവിക്കുവാൻ ശക്തനാക്കുന്നു. ഡിസംബർ 17 ന് 87 വയസ് തികയുന്ന ഫ്രാൻസിസ് പാപ്പ, സഭയുടെ 2000 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പാപ്പമാരിൽ ഒരാളാണ്. കോവിഡിനെയും അനേകം ആരോഗ്യ പ്രശ്നങ്ങളെയും അതിജീവിച്ച് പാപ്പാ തന്റെ പ്രയാണം തുടരുന്നു.
സഭാ ഘടനകൾക്കും ശുശ്രൂഷകൾക്കും വേണ്ടിയുള്ള വിപുലമായ പരിഷ്കാരങ്ങൾക്ക് കാരണമായേക്കാവുന്ന സിനഡലിറ്റിയെക്കുറിച്ചുള്ള ചർച്ചകളും യോഗങ്ങളും സഭയിൽ സജീവം.ഒരു ദശാബ്ദത്തിനുള്ളിൽ റോമിന് പുറത്ത് 44 അന്താരാഷ്‌ട്ര യാത്രകൾ ഫ്രാൻസിസ് പാപ്പ നടത്തി (ഏകദേശം മൂന്ന് പതിറ്റാണ്ടിനിടെ വി. ജോൺ പോൾ രണ്ടാമന്റെ 104 യാത്രകളുമായി താരതമ്യം ചെയ്യുമ്പോൾ). കർദിനാൾമാരുടെ കോളജിനെ ഗണ്യമായി വൈവിധ്യവത്കരിച്ചു. ഏതു സാഹചര്യത്തെ നേരിടുവാനുള്ള സഭാസംവിധാനം തുടരെ തുടരെ പാപ്പ നവീകരിച്ചുകൊണ്ടിരിക്കുന്നു. 2024 ഒക്‌ടോബർ അവസാനത്തോടെ സിനഡലിറ്റിയെക്കുറിച്ചുള്ള രണ്ട് സെഷനുകളുള്ള സിനഡ് അവസാനിപ്പിക്കാനും 2025 ജൂബിലി വർഷം ആരംഭിക്കാനും അദ്ദേഹം പ്രതീക്ഷിക്കുന്നു.
സഭാ പ്രബോധനങ്ങളിലും സുവിശേഷ മൂല്യങ്ങളിലും അടിയുറച്ച വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. എന്നും പാവങ്ങളുടെ പക്ഷം പടിച്ച് വേണ്ടത് തക്ക സമയത്ത് ഉറക്കെ പ്രഖ്യാപിക്കാനും പാപ്പയ്ക്ക് ഒട്ടും മടിയില്ല. അതുകൊണ്ടുതന്നെ പാപ്പയെ വിമോചന ദൈവശാസ്ത്രത്തിന്റെ മൗലികവാദിയായും ലോകം ചിത്രീകരിക്കുന്നു… സംഘർഷം നിറയുന്ന ലോകത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകനായി തന്റെ ദൗത്യം തുടരാനുള്ള കൃപകൾക്കായി പ്രാർത്ഥിക്കാം… വീവാ… ഇല്‍ പാപ്പാ… പാപ്പാ നീണാള്‍ വാഴട്ടെ!