ലൂർദ്ദുപുരം: വിശുദ്ധ ചാൾസ് ബൊറോമിയൊയുടെ ദിനാചരണത്തിൽ പുല്ലുവിള ഫെറോനയിൽ മതബോധന സമിതി നവംബർ 12 ഞായറാഴ്ച അധ്യാപക സംഗമം നടത്തി. കുഞ്ഞുങ്ങളിൽ വിശ്വാസം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് മതാധ്യാപകർക്കുണ്ട്. വിശ്വാസ പരിശീലനം ഒരു സിലബസ് പ്രകാരമുള്ള പഠനം മാത്രമാകാതെ അധ്യാപകർ തങ്ങളുടെ ജീവിതത്തിലെ ദൈവാനുഭവം വിദ്യാർത്ഥികളോട് പങ്കുവയ്ക്കാൻ കഴിയുന്നവരായിരിക്കണമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് സന്ദേശത്തിൽ പറഞ്ഞു. കുട്ടികളിൽ വിശ്വാസം വളർത്താൻ ദിവ്യബലിയുടെ മഹത്വം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി അനുദിന ദിവ്യബലിയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം അധ്യാപകർ ഉറപ്പ് വരുത്തണമെന്ന് ഫെറോന കോാർഡിനേറ്റർ ഫാ. ഗ്ലാഡിൻ അലക്സ് പറഞ്ഞു. മുഖ്യ പ്രഭാഷണം നടത്തിയ ശ്രീ. നെൽസൺ ഫെർണാണ്ടസ് തന്റെ ജീവിതാനുഭവം വിവരിച്ച് മതാധ്യാപകരുടെ പ്രാധ്യാന്യത്തെക്കുറിച്ച് വിവരിച്ചു. ഫാ. പ്രദീപ് ജോസഫ് ആശംസകളർപ്പിച്ചു.
തുടർന്ന് പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ക്രിസ്തുദാസ് പിതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒപ്പം രൂപത ലോഗോസ് ക്വിസ് 2023 പരീക്ഷയിൽ രൂപത തലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. കൊല്ലങ്കോട് ഇടവകയിലെ മത അധ്യാപികയായ ശ്രീമതി. ഷീലി പകർത്തിയ ബൈബിൾ കയ്യെഴുത്ത് പ്രതിയുടെ പ്രകാശനം അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നിർവഹിച്ചു. തുടർന്ന് വിവിധ ഇടവകയിലെ മത അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി.