വെള്ളയമ്പലം: കെ.സി.വൈ.എം. തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നവംബർ 12 ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിൽ വച്ച് രൂപത സ്പോർട്സ് കാർണിവലിനോടനുബന്ധിച്ചുള്ള അത്‌ലറ്റിക്സ് മത്സരങ്ങൾ നടന്നു. കാർണിവലിന് പേട്ട ഫെറോന യുവജനശുശ്രൂഷ ഡയറക്ടർ ഫാ. ഡേവിഡ്സൺ നയിച്ച പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ശ്രീ. സാനു സാജൻ പാടിയറയിൽ , സ്പോർട്സ് കൺവീനറും രൂപത വൈസ് പ്രസിഡന്റുമായ മനു മോഹനൻ എന്നിവർ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.
പാളയം, പേട്ട, പുതുക്കുറിച്ചി,വലിയതുറ, കോവളം, പുല്ലുവിള ഫെറോനകളിൽ നിന്നുള്ള യുവജനങ്ങൾ വാശിയേറിയ മത്സരങ്ങൾ കാഴ്ചവച്ചു. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളായ 100M, 200 M, 1500 M, 3000 M, ലോങ് ജമ്പ് , ഷോട്ട് പുട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ , 4×100 M റിലേ തുടങ്ങിയ മത്സരങ്ങൾ യുവതികൾക്കും യുവാക്കൾക്കുമായി സംഘടിപ്പിച്ചു. 7 ഫെറോനകളിൽ നിന്ന് 100-ഓളം യുവജനങ്ങൾ പങ്കെടുത്തു. കായിക മേളയുടെ വേഗമേറിയ താരങ്ങളായി കോവളം ഫെറോനയിലെ ഷാജി , അലീന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം ലത്തീൻ അതിരൂപത കെ. സി. വൈ. എം. ജനറൽ സെക്രട്ടറി പ്രീതി എഫ്. , ട്രഷറർ സ്റ്റെബി സിൽവേരി, സെക്രട്ടറിമാരായ ആതിര, രോഹിത്, സുജിത, സംസ്ഥാന സിന്റിക്കേറ്റ് അംഗം മെറിൻ, സോഷിയോ പൊളിറ്റിക്കൽ കൺവീനർ നിതിൻ ബോസ്കോ, എക്സിക്യൂട്ടീവ് അംഗം അനീഷ് എന്നിവർ സന്നിഹിതരായിരുന്നു. കായികമേളയുടെ ചൂടാറും മുൻപ് കലാമേളയെ വരവേൽക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ യുവജനങ്ങൾ. നവംബർ 19 ഞായറാഴ്ച മേനംകുളം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വച്ചാണ് അതിരൂപത കലോത്സവം നടക്കുന്നത്.