തിരുവനന്തപുരം: സഹജീവികളുടെ ദുഃഖത്തിലും വേദനയിലും അവന്റെ ആവശ്യം മനസ്സിലാക്കി നിറവേറ്റുന്നവനാരോ അവനാണ് ബൈബിളിലെ നല്ല സമരിയാക്കാരൻ. സൊസൈറ്റി ഓഫ് സെൻറ്. വിൻസന്റ് ഡി പോളിന്റെ പ്രവർത്തനങ്ങളെ മനസ്സിലാക്കുന്ന ആർക്കും ആ നല്ല സമരിയക്കാരനെ ദർശിക്കാൻ കഴിയും. അങ്ങനെ നോക്കുമ്പോൾ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വിൻസെഷ്യൻ സഹോദരനും സഹോദരിയും നല്ല സമരിയക്കാരനാണെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പിതാവ് പറഞ്ഞു. തിരുവനന്തപുരം ലാറ്റിൻ സെൻട്രൽ കൗൺസിലിന്റെ 51-മാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷികാഘോഷ സമ്മേളനത്തിൽ തിരുവനന്തപുരം സെൻട്രൽ കൗൺസിലിന്റെ വെബ്സൈറ്റ്, നിർദ്ധനരായ 68 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായ പദ്ധതി, അഗ്രിഗേഷൻ സർട്ടിഫിക്കറ്റ് വിതരണം, മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ഏരിയ കൗൺസിലുകൾക്കുള്ള മെമെന്റോ വിതരണം , മഹത് വ്യക്തികളെ ആദരിക്കൽ തുടങ്ങിയ ചടങ്ങുകൾ നടന്നു.
തിരുവനന്തപുരം സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്ര. ഡി. ഫ്രാൻസിസ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ആദ്യാത്മിക ഉപദേഷ്ടാവ് റവ. ഫാ. ജോസഫ് ബാസ്റ്റിൻ അനുഗ്രഹ പ്രഭാഷണവും, ഔവർ ലേഡി ഓഫ് ഹെൽത്ത് സൗത്ത് ഫ്ലോറിഡ യു. എസ്. എ. പ്രസിഡന്റ് ബ്ര. മാത്യു വല്ലൂർ കുര്യൻ ആശംസ അർപ്പിച്ചു. സീനിയർ വൈസ് പ്രസിഡന്റ് ബ്ര. ആർ. സഖറിയാസ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ബ്ര. ഡൈനിഷ്യസ് പെരേര സ്വാഗതവും, തിരുവനന്തപുരം ഏരിയ കൗൺസിൽ പ്രസിഡന്റ് ആൻസലാം. എ. ജോൺ കൃതജ്ഞതയും അർപ്പിച്ചു. സെക്രട്ടറി ബ്ര. ലോറൻസ്. ടി. ജെ. വാർഷിക റിപ്പോർട്ടും, ഖജാൻജി ബ്ര. ബെർക്കുമാൻസ് കണക്കുകളും അവതരിപ്പിച്ചു.