അരയതുരുത്തി: മനുഷ്യനെയും പ്രകൃതിയെയും സാഹോദരരായിക്കണ്ട് ഓരോ പുല്‍നാമ്പിലും ദൈവത്തെ കണ്ടെത്താന്‍ കഷ്ടപ്പെടുകയും ആ ദൈവത്തെ ഹൃദയം കൊടുത്തു സ്‌നേഹിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസിസ്സി.
വിശുദ്ധ ഫ്രാൻസിസ് അസിസ്സിയുടെ തിരുനാളുകളിൽ പ്രകൃതിയേയും മൃഗങ്ങളെയും പക്ഷികളെയും ആശീർവദിച്ചിരുന്ന പരമ്പര്യം ഉണ്ടായിരുന്നു. അതിൽനിന്നും പ്രചോദനമുൾക്കൊണ്ട് ഈ വർഷത്തെ ഫ്രാൻസിസ് അസിസ്സിയുടെ തിരുനാൾ ദിനത്തിൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനം അതിരൂപതയിലെ അരയതുരുത്തി ഇടവകയിൽ നടത്തി. ഇടവക വികാരി ഫാ. ജോസഫ് പ്രസാദിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ കടന്നുചെന്ന് വളർത്തുമൃഗങ്ങളെ വെഞ്ചരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
അരുവികളോടും പുഷ്പങ്ങളോടും മൃഗങ്ങളോടും പക്ഷികളോടും ഈ പ്രപഞ്ചത്തോടും വലിയ സൗഹൃദത്തിന്റെ കഥകള്‍ ഉരുവിട്ട ഫ്രാൻസിസ് പുണ്യാളന്റെ സ്മരണയിൽ പ്രകൃതിയോട് ചേർന്നു നില്ക്കുന്ന ഒരു സുന്ദരകർമം നടത്താനായതിൽ വളരെയധികം സന്തോഷവും വിശുദ്ധന്റെ സാമിപ്യവും അനുഭവിക്കാൻ സാധിച്ചതായി നേതൃത്വം നൽകിയ ഫാ. ജോസഫ് പ്രസാദ് അനുഭവം പങ്കുവച്ചു.