റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോ (84) 2023 ഒക്ടോബർ 4 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയിൽ കിടപ്പിലായിരുന്നു.
1939 ഒക്ടോബർ 15 ന്, ഗുംല ജില്ലയിലെ ചെയിൻപൂർ ഇടവകയിലെ ചെറിയ ഗ്രാമമായ ജാർഗാവിൽ ജനിച്ചു. കർഷകരായ ശ്രീ. ആംബ്രോസ് ടോപ്പോയുടെയും സോഫിയ സാൽക്സോയുടെയും പത്ത് കുട്ടികളിൽ എട്ടാമനാണ് ടെലിസ്ഫോർ. ടെലിസ്‌ഫോർ തന്റെ സ്‌കൂൾ വിദ്യാഭ്യാസത്തിനായി ദിവസവും 3-4 കിലോമീറ്റർ വീതം നടന്നിരുന്നു. കുട്ടിയുടെ പഠനത്തോടുള്ള താൽപ്പര്യവും ഉത്സാഹവും കണക്കിലെടുത്ത്, ഒരു പാവപ്പെട്ട കർഷകനായ അവന്റെ പിതാവ് അവനെ പഠിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി.
അക്കാലത്ത് ബെൽജിയൻ ജെസ്യൂട്ട് പിതാക്കന്മാർ അദ്ദേഹത്തിന്റെ ഗ്രാമം സന്ദർശിച്ചിരുന്നു. ബെൽജിയൻ വൈദികരുടെ ജീവിതശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം സെന്റ് ആൽബർട്ട്സ് സെമിനാരിയിൽ ചേർന്നു. 1969 മേയ് 8-ന് സ്വിറ്റ്‌സർലൻഡിലെ ബാസലിൽ ബിഷപ്പ് ഫ്രാൻസിസ്‌കസിൽ നിന്ന് വൈദികനായി അഭിഷിക്തനായി. ഒരു യുവ വൈദികനായി ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ടോർപ്പയിലെ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. പിന്നീട്, റാഞ്ചി ആർച്ച് ബിഷപ്പായിരുന്ന ആർച്ച് ബിഷപ്പ് പയസ് കെർക്കേറ്റയുടെ സെക്രട്ടറിയായി.
1978 ജൂൺ 8-ന് അദ്ദേഹം ദുംകയിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുകയും “കർത്താവിന്റെ വഴി ഒരുക്കുക” എന്ന മുദ്രാവാക്യം തിരഞ്ഞെടുക്കുകയും ചെയ്തു. 1978 ഒക്ടോബർ 7-ന് ദുധാനി സെന്റ് തെരേസാ ഗേൾസ് സ്‌കൂളിൽ വച്ച് ആർച്ച് ബിഷപ്പ് പയസ് കെർക്കേറ്റ അദ്ദേഹത്തെ ദുംക ബിഷപ്പായി നിയമിച്ചു. 1984 നവംബർ 8-ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ റാഞ്ചിയിലെ കോഡ്ജൂട്ടർ ആർച്ച് ബിഷപ്പായി നാമനിർദ്ദേശം ചെയ്തു. 1985 ഓഗസ്റ്റ് 7-ന് റാഞ്ചി ആർച്ച് ബിഷപ്പായി നിയമിതനായി.
കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ പ്രസിഡന്റായി രണ്ട് തവണ (2001-2004, 2011-2013) തിരഞ്ഞെടുക്കപ്പെട്ടു. സിബിസിഐയുടെ പ്രസിഡന്റായിരുന്നു (2004-2008). 2003 ഒക്‌ടോബർ 21-ന് ആർച്ച് ബിഷപ്പ് ടെലിസ്‌ഫോർ ടോപ്പോയെ കർദിനാൾമാരുടെ കോളേജിലേക്ക് ഉയർത്തിക്കൊണ്ട് പോപ്പ് സെന്റ് ജോൺ പോൾ രണ്ടാമൻ ജാർഖണ്ഡിലെ അഭിവൃദ്ധി പ്രാപിച്ചുവരുന്ന ആദിവാസി സഭയെ ആദരിച്ചു. ഇത്തരമൊരു വിശിഷ്ട സഭാപദവി ലഭിച്ച ആദ്യത്തെ ഏക ഏഷ്യൻ ഗോത്രവർഗക്കാരനാണ് അദ്ദേഹം. ബെനഡിക്ട് പതിനാറാമൻ പാപ്പയെ തിരഞ്ഞെടുത്ത 2005 ഏപ്രിലിലെ കോൺക്ലേവിലും ഫ്രാൻസിസ് പാപ്പയെ തിരഞ്ഞെടുത്ത 2013 മാർച്ചിലെ കോൺക്ലേവിലും അദ്ദേഹം പങ്കെടുത്തു.
പരിശുദ്ധ സിംഹാസനത്തിന്റെ സംഘടനാ സാമ്പത്തിക കാര്യങ്ങളുടെ പഠനത്തിനായുള്ള കൗൺസിൽ ഓഫ് കർദിനാൾമാരുടെ അംഗമായിരുന്നു അദ്ദേഹം. 2016 നവംബർ 28 മുതൽ ഡിസംബർ 4 വരെ ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ് കോൺഫറൻസസിന്റെ (FABC) XI പ്ലീനറി അസംബ്ലിയിലെ തന്റെ പ്രത്യേക ദൂതനായി ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോയെ നിയമിച്ചു. 2002-ൽ ജാർഖണ്ഡിൽ നടത്തിയ വിശിഷ്ട സാമൂഹിക പ്രവർത്തനങ്ങൾക്ക് ജാർഖണ്ഡ് രത്തൻ അവാർഡ് ലഭിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നീതിപൂർവകമായ ജീവിതത്തിനും മതചിന്തയ്ക്കും വഴികാട്ടുന്നതിനായി ദൈവം തിരഞ്ഞെടുത്ത ഒരു ഉപകരണമായിരുന്നു കർദ്ദിനാൾ ടോപ്പോ. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും സേവനത്തിനായി സമർപ്പിതനായ വ്യക്തി. സഭയുടെ വളർച്ചയിലും ദരിദ്രർക്ക് സാന്ത്വനത്തിനും, വളരെ സവിശേഷമായ രീതിയിൽ ഛോട്ടാനാഗ്പൂർ ഗോത്രവർഗക്കാരുടെ ക്ഷേമത്തിനും ബഹുമുഖ പുരോഗതിക്കും ശ്രദ്ധാലുവായിരുന്നു. വിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം, ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി, മാതാവ് മറിയത്തോടുള്ള വാത്സല്യം എന്നിവ അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അക്ഷയവുമായ വ്യക്തിത്വത്തിന്റെ ഉറവിടങ്ങളാണ്. 54 വർഷം വൈദികൻ, 44 വർഷം ബിഷപ്പ്, 19 വർഷം കർദ്ദിനാൾ.