വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍റെയും ഫിൽക്ക ഫിലിം സൊസൈറ്റിയുടേയും സംയുക്തമായ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദൃശ്യ മാധ്യമ ജേർണലിസത്തെ കുറിച്ചുള്ള ഏകദിന ശിൽപ്പശാല വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ മീഡീയകമ്മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. വിജിൽ ജോർജ്ജ് സ്വഗതം പറഞ്ഞു. കോണ്‍സപ്റ്റ് ഓഫ് ജേർണലിസം, ആങ്കറിങ്ങ് ആന്‍റ് ന്യൂസ് റിപ്പോര്‍ട്ടിങ്ങ്, ഫോട്ടോഗ്രഫി ആന്‍റ് വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്ങ് അടിസ്ഥാനം എന്നിവയായിരുന്നു ശിൽപശാലയിലെ വിഷയങ്ങൾ.
കോണ്‍സപ്റ്റ് ഓഫ് ജേർണലിസം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത ശ്രീ. സാബു ശങ്കര്‍ ജേർണലിസം എന്നതു കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നതെന്നും, എന്തുകൊണ്ടാണ് ജേർണലിസം നമുക്ക് അത്യന്താപേക്ഷിതമായിരിക്കുന്നത് എന്നും, എവിടെയൊക്കെ, എങ്ങനെയൊക്കെ ആരാലൊക്കെ അത് നിർവഹിക്കപ്പെടുന്നതെന്നും എങ്ങനെയൊക്കെയാണ് ചെയ്യേണ്ടതെന്നുമുള്ള അടിസ്ഥാന വിവരങ്ങള്‍ നൽകി.
ന്യൂസ് റിപ്പോർട്ടിംഗ്, ആങ്കറിംഗ് എന്നിവയെ കുറിച്ചുള്ള ക്ളാസ്സുകൾക്കും പ്രാക്ടിക്കൽ സെഷനും ന്യൂസ് റിപ്പോര്‍ട്ടറും ന്യൂസ് ഡെസ്ക് എഡിറ്ററുമായ ശ്രീമതി പ്രകുല ടി. കെ നേതൃത്വം നൽകി. ഫോട്ടോഗ്രഫി ആന്‍റ് വീഡിയോഗ്രാഫി സെഷനിൽ ഫോട്ടോഗ്രാഫർ ശ്രീ അജി. എസ് പ്രായോഗിക വിഡിയോ/ഫോട്ടോഗ്രാഫിക് ജേർണലിസം എന്ന രീതിയാണ് അവലംബിച്ച് പ്രാക്ടിക്കലുൾപ്പെടെയുള്ള ക്ളാസ്സിന് നേതൃത്വം നല്കി. വീഡിയോ എഡിറ്റിങ്ങ് ബേസിക്ക് സ്റ്റഡി സെഷനില്‍ ക്ലാസ്സ് എടുത്തത് ഫിലിം എഡിറ്റിംഗ് അദ്ധ്യാപകൻ ശ്രീ.സുജിത്ത് ആണ്. പലകാലങ്ങളില്‍ പലയിടങ്ങളില്‍ പലതരത്തില്‍ മിഴിവോടെയും അല്ലാതെയും എടുത്ത ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍, മനോഹരമായ സിനിമകളും വാര്‍ത്താ ചിത്രങ്ങളും ന്യൂസുകളും ഡോക്യുമെന്‍ററികളുമാക്കി എങ്ങനെ മാറ്റപ്പെടുന്നുവെന്ന് ഈ സെഷന്‍ വെളിപ്പെടുത്തി.മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവയില്‍ എഡിറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന എഡിറ്റിങ്ങ് സോഫ്റ്റ് വെയറുകള്‍, ആപ്പുകള്‍ തുടങ്ങിയവയേയും ചര്‍ച്ച ചെയ്തു.
ശില്പശാലയുടെ അവസാനം തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍റെ പ്രവര്‍ത്തനങളില്‍ പങ്കെടുക്കുവാനും കഴിവുകള്‍ വികസിപ്പിക്കാനുമുള്ള അവസരങ്ങള്‍ ഉറപ്പാക്കുന്ന പ്രഖ്യാപനവും ഉണ്ടായി. തുടർന്ന് പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ.. ഡോ. ലോറൻസ് കുലാസ് സമ്മാനിച്ചു.