ജോലിസ്ഥലത്ത് സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് തൊഴിലുടമയുടെ ‘പ്രാഥമിക കടമ’ യാണെന്ന് പാപ്പ പറഞ്ഞു, സംരംഭകരോ നിയമനിർമ്മാതാക്കളോ സുരക്ഷിതത്വത്തിൽ ശ്രദ്ധ ചെലുത്തുന്നതിനു പകരം, ചില ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ അവരുടെ മനസ്സാക്ഷി വെടിപ്പാക്കാൻ താൽപര്യപ്പെടുന്നതിനോട് പാപ്പ വിയോജിപ്പ് പ്രകടിപ്പിച്ചു.
“തൊഴിലുടമകളുടെ മുൻഗണന, തൊഴിലാളികളെ സഹോദരീസഹോദരൻമാരായി കണ്ടു കൊണ്ട് അവരുടെ കാര്യത്തിൽ ശ്രദ്ധാലുക്കൾ ആയിരിക്കുക എന്നതായിരിക്കണം. തൊഴിലാളികൾ ‘സ്പെയർ പാർട്ടുകൾ’ അല്ല.”
ചില തൊഴിലുടമകൾ തൊഴിലാളികളെ സ്പെയർ പാർട്ടുകൾ പോലെയാണ് പരിഗണിക്കുന്നത് എന്ന് പാപ്പ ചൂണ്ടിക്കാട്ടി. സാമ്പത്തിക താൽപര്യത്തെക്കാളുപരിയായി, ഓരോ വ്യക്തിയും സമൂഹത്തിന് വിലപ്പെട്ടതാണെന്ന അവബോധം ഓരോ തൊഴിലുടമയ്ക്കും ഉണ്ടാകണം. ആരെങ്കിലും വൈകല്യമോ പരിമിതികളോ ഉള്ളവരായി മാറിയാൽ അത് മുഴുവൻ സാമൂഹിക ഘടനയെയും ബാധിക്കുമെന്ന് പാപ്പ അടിവരയിട്ടു പറഞ്ഞു.
പരിശുദ്ധ കന്യകാമറിയത്തിന്റെയും തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും മാധ്യസ്ഥത്തിന് തൊഴിലാളികളെ ഭരമേൽപ്പിച്ച്, അവരുടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് അവരുമായുള്ള തന്റെ കൂടികാഴ്ച അവസാനിപ്പിച്ചു