ചെറിയതുറ: ഷഷ്ടിപൂർത്തിയാഘോഷത്തോടനുബന്ധിച്ച് ഫാ. സ്റ്റീഫൻ എം. റ്റി. രചിച്ച ‘ബൈബിൾ: അറുപത് മനുഷ്യർ’ എന്ന പുസ്തകം അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പ്രകാശനം ചെയ്തു. ചെറിയതുറ ഇടവകയിൽ ഫാ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രിസ്തുദാസ് പിതാവിൽ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി റവ. ഫാ. ഹൈസിന്ത് എം. നായകം ഏറ്റുവാങ്ങി. ഡോ. ഫ്രാൻസിസ് ആൽബർട്ട് OFS സ്വാഗതം പറഞ്ഞ ചടങ്ങിൽ നെയ്യാറ്റിൻകര രൂപത സെമിനാരി വൈസ് റെക്ടർ ഫാ. അലോഷ്യസ് പുസ്തക പരിചയം നടത്തി. ഫാ. വില്ഫ്രഡ്, സിസ്റ്റർ ഹെലൻ റോസ്മിനി എന്നിവർ ആശസകളർപ്പിച്ചു.
പഴയ നിയമത്തിലെ ആദം മുതൽ പുതിയ നിയമത്തിലെ വിശുദ്ധ പത്രോസ് വരെയുള്ള ബൈബിളിലെ 60 വ്യക്തികളെക്കുറിച്ചുള്ള വിവരണമാണ് പുസ്തകത്തിലുള്ളത്. ഗ്രന്ഥകർത്താവിന് 60 വയസ്സ് തികയുന്ന വേളയിലാണ് ബൈബിളിൽ നിന്ന് 60 വ്യക്തികളെക്കുറിച്ച് പറയുന്ന ഒരു പുസ്തകം പ്രകാശനം ചെയ്യുന്നത്. തന്റെ രോഗാവസ്ഥയിലും ബൈബിളിനെ കേന്ദ്രമാക്കി ഒരു പുസ്തകം രചിച്ച് പ്രസിദ്ധീകരിക്കുന്നതിലൂടെ ഫാ. സ്റ്റീഫൻ എം. റ്റി. തന്റെ സുവിശേഷ പ്രഘോഷണ ദൗത്യം തുടരുന്നതായി പുസ്തകപ്രകാശനം ചെയ്തുകൊണ്ട് ക്രിസ്തുദാസ് പിതാവ് പറഞ്ഞു.
അതിരൂപതയിലെ നിരവധി വൈദീകരും സന്യസ്തരും സ്റ്റീഫനച്ചന്റെ ഷഷ്ടിപൂർത്തിയിൽ ആശംസകളർപ്പിക്കാൻ സന്നിഹിതരായിരുന്നു. ഗ്രന്ഥകർത്താവായ ഫാ. സ്റ്റീഫൻ എം. റ്റി. പിന്നണി പ്രവർത്തകർക്കും ചടങ്ങിൽ പങ്കെടുത്തവർക്കും കൃതജ്ഞതയർപ്പിച്ചു.