കഴക്കൂട്ടം: ഇടവകയിലെ മുൻവികാരിയുടെ അമ്പതാം പൗരോഹിത്യ ജൂബിലിയിൽ 50 കുടുംബങ്ങളെ സഹായിച്ച് വ്യത്യസ്തമായ മാതൃകാപ്രവർത്തനം കാഴ്ചവച്ച് കഴക്കൂട്ടം സെന്റ്. ജോസഫ്സ് ഇടവകയിലെ വിൻസെന്റ് ഡി പോൾ സഭ. ഇടവകയിലെ വിൻസെന്റ് ഡിപോൾ കൂട്ടായ്മ ആരംഭിച്ച മോൺ. ജോർജ്ജ് പോളിന്റെ പൗരോഹിത്യ വാർഷികത്തിലാണ് അമ്പതിനായിരം രൂപയുടെ ഫുഡ് കിറ്റ് കഴക്കൂട്ടം ഫെറോനയിലെ വിവിധ ഇടവകകളിലെ നിർദ്ധന കുടുംബങ്ങൾക്ക് നൽകിയത്.
കഴക്കൂട്ടം ഫെറോനയുടെ പ്രഥമ ഫെറോനാ വികാരിയാണ് മോൺ. ജോർജ്ജ് പോൾ. അച്ചനിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് അച്ചന്റെ തന്നെ ശൈലിയിൽ ദൈവത്തിന് നന്ദി പറയാം എന്ന വിൻസെന്റ് ഡി പോൾ സഭാംഗങ്ങൾ ചിന്തിച്ചതോടെയാണ് ഫെറോനയിലെ നിർദ്ധന കുടുംബങ്ങൾക്ക് സഹായം കാരുണ്യ പ്രവൃത്തി രൂപപ്പെട്ടതെന്ന് സംഘാടകർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഇടവകയുടെ പ്രിയ വൈദികൻ മോൺ. ജോർജ്ജ് പോൾ പൗരോഹിത്യത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ചത്.