ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച് വർഗീയ വാദികൾ തീവെച്ചു കൊലപ്പെടുത്തിയ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും ഓർമകൾക്ക് 25 വയസ്. ലോകം നടുങ്ങിയ കൊടും ക്രൂരത രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും മതവൈരത്തിന്റെ പേരിൽ കൊലയും കൊള്ളയും രാജ്യത്ത് ഇന്നും തുടർക്കഥയാവുകയാണ്. 1999 ജനുവരി 22 നാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ മതപ്രചാരകനായ ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും, തിമോത്തിയും ഒഡീഷയിലെ ബാരിപാഡയിൽ വാഹനത്തിൽ ചുട്ടുകൊല്ലപ്പെട്ടത്.
ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ വിദൂര ഗ്രാമമായ മനോഹർപൂരിലെ നിവാസികൾ ഗ്രഹാം സ്റ്റെയിൻസിന്റെയും രണ്ട് മക്കളുടെയും 25-ാം ചരമവാർഷികം ഇന്ന് ആചരിക്കും. ക്രൂരമായ കൊലപാതകം നടന്നതിന്റെ ദുഖം പേറുന്ന തലമുറ മനോഹർപൂരിൽ 25 വർഷമായി താമസിക്കുന്നു. സ്റ്റെയിൻസ് തന്റെ ജീവിത കാലത്ത് പരിശീലിച്ച മാനവികതയുടെ തത്ത്വചിന്ത മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുമെന്ന് 25 വർഷം മുമ്പ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന 40 കാരനായ ജോഹാൻ മുർമു പറഞ്ഞു.
ഗ്രഹാം സ്റ്റെയിൻസ് ഒഡീഷയിലെ ദരിദ്ര ആദിവാസി സമുദായങ്ങൾക്കിടെയിൽ 35 വർഷത്തോളം താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്തതാണ് വർഗീയ വാദികളെ ചൊടിപ്പിച്ചത്. തുടർന്നാണ് 1999 ജനുവരി 22 ന് ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ്(10), തിമോത്തി(9) എന്നിവരെ വാഹനത്തിൽ കിടന്നുറങ്ങുന്നതിനിടെ ജീവനോടെ ചുട്ടുകൊന്നത്. ബാരിപാഡയിലെ കുഷ്ഠരോഗികളെ സേവിക്കുന്നതിൽ വ്യാപൃതനായ ഗ്രഹാം സ്റ്റെയിൻസിന് കൊല്ലപ്പെടുമ്പോൾ 58 വയസായിരുന്നു.
രാജ്യം നടുങ്ങിയ കൊടും ക്രൂരതയ്ക്കു നേതൃത്വം നൽകിയത് അന്ന് ബജറംഗ്ദൾ പ്രവർത്തകനായ ദാരാ സിങാണ്. എന്നാൽ ഗ്രഹാം സ്റ്റെയിൻസിന്റെ വിധവയായ ഗ്ലാഡിസ് തന്റെ ഭർത്താവിനെയും മക്കളെയും കൊന്ന കൊലയാളിയെ സന്ദർശിക്കുകയും മാപ്പ് നൽകുകയും ചെയ്തത് വലിയ വാർത്തായായിരുന്നു. തുടർന്ന് മൂന്നുപേരെ കൂട്ടക്കൊല നടത്തിയതിന് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദാര സിങിന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി. ഉറ്റവർ കൊല്ലപ്പെട്ട ശേഷവും ഗ്ലാഡിസ് സ്റ്റെയിൻസ് മകൾ എസ്തറിനൊപ്പം ഒഡീഷയിൽ തുടർന്നു. കുഷ്ഠരോഗം ബാധിച്ചവരുമൊത്തുള്ള പ്രവർത്തനത്തിന് 2005 ൽ ഇവരെ രാഷ്ട്രപതി പത്മശ്രീ ബഹുമതി നൽകി ആദരിച്ചിരുന്നു.