വല്ലാര്‍പാടം: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാംമത് മരിയന്‍ തീര്‍ത്ഥാടനത്തിന് നാളെ തുടക്കുംകുറിക്കും.. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്‍റെ ഉദ്ഘാടനം, എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് നാളെ വൈകീട്ട് 3ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശിര്‍വദിച്ച പതാകയേന്തി തീര്‍ത്ഥാടനമായി കൊണ്ടുവരും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ വച്ച് വൈകീട്ട് 3.30ന് വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും. ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പ്പാടത്തിന്‍റെ ഇരുവശങ്ങളില്‍ നിന്നും വരുന്ന ദീപശിഖയുമായി എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ഡോ. ആന്‍റണി വാലുങ്കല്‍ ദൈവാലയ നടയില്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകീട്ട് 4.30ന് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും.