ഫാദര്‍ വില്യം നെല്ലിക്കല്‍
ജനുവരി 15-Ɔο തിയതി ബുധനാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായിട്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉപകാര്യദര്‍ശി സ്ഥാനത്ത് ഒരു വനിതാനിയമനം ഉണ്ടായത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട വകുപ്പില്‍ രാജ്യാന്തര കാര്യങ്ങളുടെ ഉത്തരവാദിത്ത്വമുള്ള ജോലിയില്‍ സേവനംചെയ്യവെയാണ്, നിയമപണ്ഡിതയും, രാജ്യാന്തര നിയമകാര്യങ്ങളില്‍ ഡോക്ടര്‍ ബിരുദവുമുള്ള ഫ്രാന്‍ചേസ്ക ദി ജൊവാന്നിയെ, ഇക്കാലമൊക്കെയും വൈദികര്‍ക്കു മാത്രമായി സംവരണംചെയ്തിരുന്ന സ്ഥാനത്ത് പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. 66 വയസ്സുള്ള ഫ്രാന്‍ചേസ്ക ജൊവാന്നി തെക്കെ ഇറ്റലിയിലെ പലേര്‍മോ സ്വദേശിനിയാണ്.
സഹകരിച്ചു പ്രവര്‍ത്തിക്കും!
ഈ നിയമനം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിന്‍റെ ചോദ്യത്തിനു മറുപടിയായി ഫ്രാന്‍ചേസ്കാ പ്രതികരിച്ചു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയും, സമര്‍പ്പണവും, നിയമപരമായ അറിവും ആവശ്യപ്പെടുന്ന വെല്ലുവിളിയാണ്. പാപ്പാ ഫ്രാന്‍സിസ് തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസം വലുതാണ്. എന്നാല്‍ ഒറ്റയ്ക്കല്ലെന്ന് അറിയാം! തന്‍റെ വകുപ്പിലെ മറ്റു പ്രവര്‍ത്തകരോടും മേലധികാരികളോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളതായി ഫ്രാന്‍ചേസ്ക അഭിമുഖത്തില്‍ വ്യക്തമാക്കി. വത്തിക്കാന്‍റെ ഇപ്പോഴത്തെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയും നയതന്ത്രജ്ഞനുമായ, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറിന്‍റെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരിക്കും ഫ്രാന്‍ചേസ്ക ദി യൊവാന്നി.