TMC REPORTER
കോവിഡ് -19 നിയന്ത്രണങ്ങൾ ശരിയായ രീതിയിൽ നടപ്പാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നു ഡൽഹി ആർച്ച്ബിഷപ് അനിൽ കുട്ടോ. പുതിയ കേസുകൾ പ്രതിദിനം 300,000 കവിയുന്നത് ഇത്തരം അലസ മനോഭാവത്തിന്റെ ഫലമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു..
“വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തതിനാലാണ് നാം യഥാർത്ഥത്തിൽ ഇത്രയും വലിയ അപകടകരമായ അവസ്‌ഥയിൽ എത്തിച്ചേർന്നത്. പലരും ഇതിനെ ചെറിയ കാര്യമായാണ് പരിഗണിച്ചത്. അതുകൊണ്ട് നാം അതിനു വലിയ വില കൊടുക്കേണ്ടി വരുന്നു. ”
കഴിഞ്ഞ മാസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ രോഗവ്യാപനം തടയാൻ പ്രായോഗികമായി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. “രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ഏപ്രിൽ വരെ ഇവ ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പരിഗണിക്കാതെ വലിയ രാഷ്ട്രീയ റാലികൾ അനുവദിച്ചു. നമ്മുടെ ഉന്നത രാഷ്ട്രീയ നേതാക്കളിൽ പലരും പ്രചാരണങ്ങളിൽ പൂർണ്ണമായും പങ്കാളികളായി.”
“അടുത്ത ദിവസം എങ്ങനെ ആയിരിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങളുടെ വിശ്വാസം മാത്രമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.”
ആർച്ച്ബിഷപ് അനിൽ കുട്ടോ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കിയിട്ടില്ലെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അക്കാര്യം സംസ്ഥാന അധികാരികളുടെ ഉത്തരവാദിത്തമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി .
“സാഹചര്യം വളരെ ദുരിതപൂർണ്ണവും അനിശ്ചിതത്വം നിറഞ്ഞതുമാണ്. ഓരോ നിമിഷവും വേദനയും കഷ്ടപ്പാടും ഉത്കണ്ഠയുമായി തള്ളിനീക്കുകയാണ് പലരും. മരണക്കിടക്കയിൽ അടുത്തത് ആരാണെന്നും, രോഗവ്യാപനം ഇനിയെങ്ങനെയാകുമെന്നും ആർക്കൊക്കെ രക്ഷപ്പെടാൻ സാധിക്കുമെന്നും അറിയില്ല.”
തന്റെ രൂപതയിലെ 3 കന്യാസ്ത്രീകളുടെ മരണം അദ്ദേഹം വിവരിച്ചു. അതിരൂപത നടത്തുന്ന ഹോളി ഫാമിലി ആശുപത്രിയിൽ നിരവധി കേസുകളാണ് കൈകാര്യം ചെയ്യുന്നതെന്നും ഓക്സിജന്റെ കുറവ് നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“അടുത്ത ദിവസം എങ്ങനെ ആയിരിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങളുടെ വിശ്വാസം മാത്രമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.” ആർച്ച്ബിഷപ് വ്യക്തമാക്കി.