ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധ എന്നു ജനങ്ങള്‍ വിളിച്ചുതുടങ്ങിയ ഇന്ത്യയുടെ പ്രിയപ്പെട്ട മദര്‍ തെരേസയുടെ ഓര്‍മത്തിരുനാള്‍ ദിവസമാണിന്ന്. വിശുദ്ധരുടെ മരണദിവസമാണ് സാധാരണയായി ഓര്‍മദിവസമായി ആചരിക്കുന്നത്. ഭൂമിയിലെ മരണം സ്വര്‍ഗത്തിലെ ജനനമാണ് എന്നാണ് വിശ്വാസം. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും ഈ വിശുദ്ധയുടെ അനുഗ്രഹങ്ങള്‍ ക്കായി പ്രാര്‍ഥിക്കുന്നവര്‍ ഏറെയുണ്ട്. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയെ പറ്റി എഴുതാന്‍ ഏറെയുണ്ട്. ബിസിനസുകാരനായ അച്ഛന്റെ മകളായിരുന്നു ആഗ്നസ് എന്ന മദര്‍ തെരേസ. മുന്‍ യുഗൊസ്‌ലാവിയയിലെ ആഡ്രിയാറ്റിക് കടല്‍ത്തീര പട്ടണമായ സ്‌കോപ്യെയില്‍ ജനിച്ച ആഗ്നസിനു ഒന്‍പതു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ദൈവസ്‌നേഹത്താല്‍ നിറച്ച് മകളെ വളര്‍ത്തിയ അമ്മയാണ് ആഗ്നസിന്റെ ജീവിതത്തിനു വഴികാട്ടിയായത്. എന്നും ദേവാലയത്തിലെത്തി വി. കുര്‍ബാനയില്‍ പങ്കെടുക്കാനും പ്രാര്‍ഥനയും ഉപവാസവുമായി യേശുവിനെ ഹൃദയത്തിലേറ്റുവാങ്ങി ജീവിക്കാനും ആഗ്നസിനു കഴിഞ്ഞു. വിദ്യാര്‍ഥിയായിരിക്കെ തന്നെ മതപഠന ക്ലാസുകളില്‍ അധ്യാപകന്റെ സഹായിയായ ആഗ്നസ് മികച്ചൊരു മന്‍ഡലിന്‍ വായനക്കാരിയുമയിരുന്നു. പതിനെട്ടു വയസായപ്പോള്‍ തന്റെ ജീവിതം യേശുവിനു പൂര്‍ണമായി സമര്‍പ്പിക്കുന്നതിനു വേണ്ടി ആഗ്നസ് സന്യാസ സഭയില്‍ ചേരുകയും തെരേസ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തെരേസ പ്രേഷിതപ്രവര്‍ത്തനം നടത്തി. 1929 ലാണ് തെരേസ കൊല്‍ക്കത്തയിലെത്തിയത്. അധ്യാപക പഠനം പൂര്‍ത്തിയാക്കി 1937 ല്‍ കൊല്‍ക്കത്തയിലെ സ്‌കൂളില്‍ പ്രധാനധ്യാപികയായി. കൊല്‍ക്ക ത്തയിലെ അന്നത്തെ അവസ്ഥ തെരേസയുടെ ഹൃദയത്തെ വേദനിപ്പിച്ചു. ആതുരാലയ ങ്ങളിലെയും ചേരികളിലെയും പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. മഹാനഗരത്തില്‍ തീവ്രമായ പട്ടിണിയുടെയും ദാരിദ്യ്രത്തിന്റെയും രംഗങ്ങള്‍ കണ്ടപ്പോള്‍ ”ഇവരില്‍ ഒരാള്‍ക്കു ചെയ്യുന്നത് എനിക്കുതന്നെ ചെയ്യുന്നു.” എന്ന യേശുവിന്റെ വചനം തെരേസ ഓര്‍ത്തു. കൊല്‍ക്കത്ത കേന്ദ്രമാക്കി ‘ഉപവിയുടെ സഹോദരിമാര്‍’ (മിഷനറീസ് ഓഫ് ചാരിറ്റി) എന്ന സന്യാസിനീസമൂഹത്തിനു രൂപംകൊടുക്കാന്‍ പ്രേരണയായത്. ”ഞാന്‍ ചേരികളിലേക്ക് ഇറങ്ങിച്ചെല്ലും. അവിടെ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വയം അര്‍പ്പിക്കും”-തെരേസ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ ചേരികളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം ജീവിച്ച സിസ്റ്റര്‍ തെരേസ പാവപ്പെട്ടവരുടെ അഭയസ്ഥാനമായി പെട്ടെന്നു മാറി. ഒട്ടേറെപ്പേര്‍ ഈ ദൗത്യത്തില്‍ പങ്കുചേരാന്‍ അവരോടൊപ്പം ചേര്‍ന്നു. രോഗികള്‍, വൃദ്ധര്‍, നിരാലംബര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കായി തന്റെ ജീവിതം തെരേസ സമര്‍പ്പിച്ചു. ”എന്റെ രക്തം അല്‍ബേനിയയുടേതാണ്. എന്റെ പൗരത്വം ഇന്ത്യയുടേതും. വിശ്വാസപ്രകാരം ഞാന്‍ കത്തോലിക്കാ സന്യാസിനിയാണ്. ഞാന്‍ വിളിക്ക പ്പെട്ടിരിക്കുന്നതു ലോകസേവനത്തിനും. എന്റെ ഹൃദയം കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ഹൃദയത്തോടു പൂര്‍ണമായി കടപ്പെട്ടിരിക്കുന്നു” – മദര്‍ തെരേസ ഒരിക്കല്‍ പറഞ്ഞു. നൊബേല്‍ സമ്മാനം, പത്മശ്രീ എന്നിവയുള്‍പ്പെടെ ആദരങ്ങള്‍ മദറിനെ തേടിയെത്തി. നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയ ചടങ്ങില്‍ മദര്‍ പറഞ്ഞു: ”ഇന്ത്യയാണ് എന്റെ രാജ്യം.”1997ല്‍ മദര്‍ തെരേസ എന്ന പ്രകാശഗോപുരം പൊലിഞ്ഞപ്പോള്‍ അവര്‍ വിത്തിട്ട സഭ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വളര്‍ന്നു വ്യാപിച്ചുകഴിഞ്ഞിരുന്നു. മദറിന്റെ കാരുണ്യസ്പര്‍ശം ലോപമെന്യേ ഏറ്റുവാങ്ങിയ കൊല്‍ക്കത്ത, മദറിന്റെ മരണവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞു. അത്രയേറെ, കൊല്‍ക്കത്തയുടെ ഹൃദയം കവര്‍ന്ന വിശുദ്ധയായിരുന്നു അവര്‍. കൊല്‍ക്കത്തയുടെ മാത്രമല്ല, ഇന്ത്യയുടെയും. ലോകം മുഴുവന്റെയും എന്നതാവും കൂടുതല്‍ ശരി.