പ്രാർത്ഥനയോടെ ഈ മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ദൈവകൃപ നാം സ്വീകരിക്കണം, അതോടൊപ്പം പരസ്പരം സഹായവും ആശ്വാസവും പകരണമെന്നും ഓർമ്മിപ്പിച്ചു കേ.സി.ബി.സി. സർക്കുലർ. നിരന്തരമായ പ്രാർത്ഥനയിലൂടെ കോവിഡിനെതിരെ അണിചേരണമെന്നും ഒപ്പം പ്രാർത്ഥനയിൽ ആശ്രയിച്ചുകൊണ്ട് മനുഷ്യർക്കിടയിൽ പ്രവർത്തിക്കുന്നവരായി മാറണമെന്നും കേരള മെത്രാൻസമിതി, മെയ് 10 ന് പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെടുന്നു.
കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികൾ ഈടാക്കാൻ പാടുള്ളൂ എന്നതാണ് സർക്കുലറിലെ ആദ്യ നിർദ്ദേശം. കെ.സി.ബി. സി. യുടെ നേതൃത്വത്തിൽ ടെലിമെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും ടെലി സൈക്കോ സോഷ്യൽ സേവനവും ഒരുക്കണമെന്നും എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തി ഫോൺ നമ്പറുകൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു. രൂപതാ സമിതികൾ വീടുകളിൽ നിരീക്ഷണത്തിൽ ആയിരിക്കുന്ന കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതി അറിയുന്നതിനു സഹായകരമായ അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് ലഭ്യമാക്കണമെന്നും കൂട്ടിച്ചേർക്കുന്നു. ഡോക്ടർമാർ നഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ നിയമപാലകർ എന്നിവരെ ബഹുമാനിക്കുകയും അവരോട് ആത്മാർത്ഥമായി സഹകരിച്ച് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും വേണം. നമ്മുടെ ജീവിതശൈലി രോഗ വ്യാപനം തടയാൻ തക്ക രീതിയിലേക്ക് മാറണമെന്നും കർദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ ഒപ്പിട്ട സർക്കുലർ നിർദ്ദേശിക്കുന്നു.