“വിശുദ്ധിയുടെ ബാഹ്യമായ അടയാളമാണ് തിരുവസ്ത്രം. തിരുവസ്ത്രം അണിയുമ്പോൾ സത്യത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. അതിലൂടെ ജീവിതം അർത്ഥപൂർണ്ണമാകുന്നു.” തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവിന്റെ വാക്കുകൾ ഇന്നത്തെ സുദിനത്തെ ദൈവാനുഗ്രഹത്താൽ മനോഹരമാക്കി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം അതിരൂപതയിലെ ആറ് വൈദീകാർത്ഥികൾ 2020 ഓഗസ്റ്റ് 29ന് തിരുവനന്തപുരം കാരമൂട് സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ വച്ച് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ കൈകളിൽ നിന്നു പൗരോഹിത്യ വസ്ത്രം ഏറ്റുവാങ്ങി.
ബാഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര പഠനം പൂർത്തിയാക്കി മൺവിള യുവദീപ്തി പ്രസ്സിൽ തന്റെ റീജൻസി സേവനം ചെയ്ത കൊല്ലംങ്കോട് ഇടവകാംഗം ബ്ര. ഇഷാൻ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര പഠനം പൂർത്തിയാക്കി സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ റീജൻസി ചെയ്ത ചെറുവയ്ക്കൽ ഇടവകാംഗം ബ്ര. ജിജോ ജോസ്, അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതയിൽ റീജൻസി ചെയ്ത പെരിങ്ങമല ഇടവകാംഗം ബ്ര. സന്തോഷ്, സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ റീജൻസി ചെയ്യ്ത കൊച്ചുതുറ ഇടവകാംഗം ബ്ര. ഗോഡ്‌വിൻ, പുണെ പേപ്പൽ സെമിനാരിയിൽ തത്വശാസ്ത്ര പഠനം പൂർത്തിയാക്കി കേരള ലത്തീൻ സഭയുടെ കാര്യനിർവഹണ സമിതിയായ കെആർഎൽസിസിയിൽ റീജൻസി ചെയ്ത താഴംപള്ളി ഇടവകാംഗം ബ്ര. ജോൺ കെന്നഡി, ചെന്നൈ പൂനമല്ലി സേക്രഡ് ഹാർട്ട് സെമിനാരിയിൽ തത്വശാസ്ത്ര പഠനം പൂർത്തിയാക്കി ഇറ്റാനഗർ രൂപതയിൽ റീജൻസി ചെയ്യ്ത പള്ളം ഇടവകാംഗം ബ്ര. സിൽവദാസൻ എന്നീ വൈദീകാർത്ഥികളാണ് ഇന്ന് മൈനർ സെമിനാരിയിൽ വച്ച് അഭിവന്ദ്യ സഹായമെത്രാൻ ക്രിസ്തുദാസ് പിതാവിന്റെ കൈകളിൽ നിന്ന് തിരുവസ്ത്രം സ്വീകരിച്ചത്.
ഹൃദയത്തിൽ വിശുദ്ധിയും ജീവിതത്തിൽ ക്രിസ്തുവിന്റെ മാതൃകയും ഉൾക്കൊണ്ട് പൗരോഹിത്യ പാതയിൽ മുന്നോട്ട് പോകാൻ ഇവർക്ക് യോഗ്യമായ കൃപകളും അനുഗ്രഹവും ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.