തീരദേശവാസികളെ തീരത്തു നിന്നും ഒഴിപ്പിച്ച് അവരുടെ ജീവിതവും തൊഴിലും ഇല്ലാതാക്കി അവരെ ദ്രോഹിക്കുന്ന തരത്തിൽ പുനർഗേഹം പദ്ധതി നടപ്പാക്കുന്നതിനു പകരം ആദിവാസികൾക്ക് വനാവകാശ നിയമം നടപ്പിലാക്കിയിട്ടുള്ളതുപോലെ തീരദേശ ജനവിഭാഗത്തിൻ്റെ വാസവും തൊഴിലും സംരക്ഷിക്കുന്നതിനായി തീരദേശജന സംരക്ഷണ നിയമം നടപ്പിലാക്കാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ നിൽപ്പു സമരത്തിൽ സർക്കാരിനോടാവശ്യപ്പെട്ടു.
പുനർഗേഹം പദ്ധതി – മൗലികാവകാശങ്ങൾ സംരക്ഷിക്കുക, പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അനാഥാലയ/ വൃദ്ധസദന അന്തേവാസികളുടെ പെൻഷൻ നിർത്തലാക്കാനുളള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ കെ.എൽ.സി.എ നടത്തിയ നിൽപ്പു സമരം പാളയം കത്തീഡ്രൽ വികാരി മോൺസിഞ്ഞോർ റ്റി. നിക്കോളാസ് ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ സംസ്ഥാന നേതാക്കളായ പാട്രിക് മൈക്കിൾ, ജോസ് മെസ്മിൻ, ആൻ്റണി ആൽബർട്ട്, അഡ്വ. എം.എ. ഫ്രാൻസിസ്, ഫെനിൽ ആൻ്റണി, സുശീല ക്രിസ്റ്റൽ, ഷിമ്മി ജോസ് എന്നിവർ പ്രസംഗിച്ചു.