2017 ഒക്ടോബര്‍ 15-നാണ് പാപ്പാ ഫ്രാന്‍സിസ് ആമസോണിയന്‍ സിനഡു പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടര്‍ന്ന് അടുത്തവര്‍ഷം, 2018 ജനുവരി 19-ന് പെറുവിലെ ആമസോണിയന്‍ പ്രവിശ്യയായ പുവര്‍ത്തോ മാള്‍ദൊനാദോയിലെ തദ്ദേശജനതയെ സന്ദര്‍ശിക്കുകയും, അവര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ആ അപ്പസ്തോലിക സന്ദര്‍ശനം സിനഡിന് ഒരുക്കവും പ്രതീകാത്മകവുമായ നീക്കമായിരുന്നു. കാരണം, പെറു മാത്രമല്ല ബൊളീവിയ, കൊളംബിയ, എക്വദോര്‍, ഗ്വിനിയ, സൂരിനാം, വെനസ്വേല എന്നീ രാജ്യങ്ങളും അവിടത്തെ തദ്ദേശജനതകളും ഉള്‍പ്പെടുന്ന വിസ്തൃതമായ ഭൂപ്രദേശമാണ് ആമസോണ്‍.
2019 ഒക്ടോബര്‍ 6-മുതല്‍ 27-വരെ തിയതികളിലാണ് ആമസോണ്‍ പ്രവിശ്യയെയും അവിടുത്തെ തദ്ദേശജനതകളെയും സംബന്ധിച്ച് മെത്രാന്മാരുടെ സിനഡുസമ്മേളനം വത്തിക്കാനില്‍ അരങ്ങേറാന്‍ പോകുന്നത്. സമഗ്രപരിസ്ഥിതിയും അതിലെ തദ്ദേശജനതകളുടെ സുസ്ഥിതിയും പാലിക്കുന്നതിന് ആദ്യമായി സഭയില്‍ നവമായ മാര്‍ഗ്ഗരേഖകള്‍ രൂപപ്പെടുത്തുകയെന്നത് ആസന്നമാകുന്ന സിനഡിന്‍റെ പ്രധാനമായ ലക്ഷ്യവും വെല്ലുവിളിയുമാണ്. ലോകത്തിന്‍റെ കാലാവസ്ഥയും, ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ അളവിനെയും, മഴയുടെ ഏറ്റക്കുറച്ചിലുമെല്ലാം ക്രമപ്പെടുത്തുന്ന ആമസോണ്‍ പ്രവിശ്യയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതചുറ്റുപാടുകള്‍ സംരക്ഷിക്കുകയും, അവരുടെ അവകാശവും, ജീവിതാന്തസ്സും സംരക്ഷിക്കുകയും ചെയ്യേണ്ടത് സിനഡിന്‍റെ അടിസ്ഥാന ലക്ഷ്യമാണ്.