ഈ അടുത്തനാളിൽ പുറത്തിറങ്ങിയ അൻവർ റഷീദ് ചിത്രം ട്രാൻസ് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ജനപ്രിയ സംവിധായകനും നായകനും ഒരുമിക്കുന്ന ഈ ചിത്രത്തെ പ്രതീക്ഷയോടെ കണ്ട പ്രേക്ഷകർ നൽകുന്ന പിന്തുണയേക്കാൾ വലുതാണ് വിമർശകർ നൽകുന്നത്. സിനിമക്കെതിരെ ക്രൈസ്‌തവ കൂട്ടായ്മകൾ വിമർശനവും പടവാളുമായയി മുന്നിട്ടിറങ്ങിയിട്ടുണ്ട്. സിനിമയിലെ പ്രമേയം തങ്ങളെ അടച്ചാക്ഷേപിക്കുന്നതാണെന്നാണ് ഇത്തരക്കാർ പറയുന്നത്. കോർപ്പറേറ്റുകളുടെ നിർബന്ധ പരിശീലനത്താലും അവരുടെ സ്വാധീനത്താലും വിജു എന്ന സാധാരണ ജോലിക്കാരനായ മോട്ടിവേഷണൽ സ്പീക്കർ എങ്ങനെ ജോഷ്വാ കാർൾട്ടൻ എന്ന മൾട്ടി മില്യണയർ പ്രൊഫഷണൽ സുവിശേഷ പ്രഘോഷകനായി അവരോധിക്കപ്പെടുന്നു എന്നതാണ് സിനിമ മുക്കാൽ പങ്കും പറയുന്നത്. പാസ്റ്ററിന്റെ അംഗവിക്ഷേപങ്ങളും, ഇംഗ്ലീഷ് വാക്കുകളും, ഡാൻസും, കൃത്രിമ അത്ഭുതപ്രവർത്തനങ്ങളും, ഭാഷാവരവും, ബോധംകെടലുകളും, കൈവയ്പ്പും, ദിവ്യാജല വിൽപ്പനയും, ടി.വി. സ്തുതിപ്പുകളും എന്ന് വേണ്ട ഒരു കൃത്രിമവചനപ്രഘോഷകന്റെ എല്ലാ കള്ളത്തരങ്ങളും അവതരിപ്പിക്കുവാൻ തിരക്കഥാകൃത്തിനും സംവിധായകനും, അവർക്കൊപ്പം ഫഹദ് ഫാസിൽ എന്ന നടനും സാധിച്ചിരിക്കുന്നു എന്നതാണ് സിനിമയുടെ വിജയം. സാമൂഹികപ്രസക്തിയുള്ള പ്രമേയം ക്രിസ്തു അവിടെയുണ്ട് ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് പല സുവിശേഷ പ്രഘോഷകർക്കും പിന്നാലെ പോകുന്ന ക്രൈസ്തവ മതാനുയായികൾക്ക് മുമ്പിൽ ഒരു ചോദ്യചിഹ്നമായി എക്കാലത്തും നിൽക്കും. ആധ്യാത്മികത എത്രമാത്രം വാണിജ്യ വൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമാണ് ഈ സിനിമ. കാതടപ്പിക്കുന്ന സൗണ്ട് സിസ്റ്റവും, അമിത വൈകാരികതയ്ക്ക് പ്രാധാന്യം നൽകുന്ന പ്രഘോഷണവും, പാട്ടും, സംഗീതവും, ക്രിസ്തുവിനെക്കാൾ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്ന ആധുനിക ധ്യാന ശൈലിയും പിന്തുടരുന്നവർക്കു വ്യക്തിപരമായ സ്വയം വിമർശനത്തിനുള്ള അവസരമാണ് സിനിമ. മറിച്ച് ആ സന്ദേശത്തെ തിരസ്കരിച്ചുകൊണ്ട് സിനിമയുടെ കാലമൂല്യത്തെയോ, ഉദ്ദേശശുദ്ധിയെയോ മാത്രം ചോദ്യം ചെയ്യുന്നവർക്കു ഈ സിനിമ ഒരു ഇടത്തരം സൃഷ്ടി മാത്രമാണ്.