രാജ്യത്ത് മെയ് 15 മുതൽ ദേവാലയങ്ങൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികളുമായി ഓസ്ട്രിയൻ ഭരണകൂടം. പ്രധാനമന്ത്രി സെബാസ്റ്റ്യൻ കുർസിന്റെ പ്രഖ്യാപനത്തെത്തുടർന്നു ഓസ്ട്രിയൻ കത്തോലിക്കാ ബിഷപ്സ് കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ ഫാ. പീറ്റർ ഷിപ്ക വാർത്ത സ്ഥിരീകരിച്ചു. അടുത്ത മാസം പകുതി മുതൽ റെസ്റ്റോറന്റുകൾക്കും പള്ളികൾക്കും ചില സ്കൂളുകൾക്കും തുറക്കാൻ അനുവാദം നൽകിയതായി പ്രധാനമന്ത്രി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
തീരുമാനത്തെത്തുടർന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു വിവിധതലങ്ങളിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. സർക്കാരുമായി ആലോചിച്ചു വിശദവിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അവർ പറഞ്ഞു. ഇത്തരം മുൻകരുതലുകളോടെയുള്ള പുനഃപ്രവേശനം ഘട്ടം ഘട്ടമായുള്ള പ്രക്രിയയുടെ ഭാഗമാണെന്നും രാജ്യത്ത് കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കുർസ് വ്യക്തമാക്കി. പൊതു സുരക്ഷയ്ക്കായി നിർദ്ദിഷ്ട നിയമങ്ങൾ പൂർണമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.
തീരുമാനത്തിൽ താൻ സന്തോഷിക്കുന്നതായി ബിഷപ് കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ. വിശ്വാസികൾക്കൊപ്പം പുതിയ ഉന്മേഷത്തോടെ ബലിയർപ്പിക്കാൻ സാധിക്കുമെന്ന സന്തോഷം അദ്ദേഹം പങ്കുവച്ചു.
ലോക്ക്ഡൗൺ നടപടികൾ സ്വീകരിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. ഫെബ്രുവരിയിൽ സ്ഥിരീകരിച്ച 2 കോവിഡ് -19 കേസുകൾക്ക് ശേഷം ഓസ്ട്രിയക്കാരോട് മാർച്ച് 16 മുതൽ ഭവനങ്ങളിൽ തുടരാൻ ആവശ്യപ്പെട്ടു. ബുധനാഴ്ച വരെ രാജ്യത്ത് 14,925 കേസുകൾ സ്ഥിരീകരിച്ചു. 510 മരണങ്ങളുണ്ടായി. 11,328 രോഗികൾ രോഗമുക്തി നേടി.