“അടിമലത്തുറ വിഷയവുമായി ബന്ധപ്പെട്ട് ആര് ആരുടെ ഭൂമി കയ്യേറി എന്നു വ്യക്തമായി ഏഷ്യാനെറ്റ് ന്യൂസ് പറയണം. എന്നാലേ കഥ പൂർണമാകൂ! കടൽമനുഷ്യർ അവരുടെ തന്നെ കടൽഭൂമി കയ്യേറിയെന്നോ??!
പിന്നെ പള്ളി പണം വാങ്ങിയതുമായി ബന്ധപ്പെട്ട്, എടോ സ്വന്തമായി കടലിൽ പോയി പിടിച്ചുകൊണ്ടു വരുന്ന മീനിനു പോലും പള്ളിയ്ക്കു കുത്തക കൊടുക്കേണ്ട ഗതികേടുണ്ട് മത്സ്യത്തൊഴിലാളിക്ക്. പിന്നൊരു ആശ്വാസമുള്ളത് ആ പണം കൊണ്ടാണ് പള്ളിയും പള്ളിക്കൂടങ്ങളും കമ്യൂണിറ്റി ഹാളുകളും കടൽപ്പണിക്കാർക്ക് എളുപ്പത്തിൽ കയറി ചെല്ലാനുള്ള മറ്റു സാമൂഹിക ഇടങ്ങളും നിർമ്മിച്ചിരിക്കുന്നത് എന്നതാണ്. എന്നിരിക്കിലും അവിടങ്ങളിൽ മത്സ്യത്തൊഴിലാളിവിരുദ്ധമായി കാര്യങ്ങൾ നടക്കുകയാണെങ്കിൽ പള്ളീലച്ചനെ ഒന്ന് പള്ളു പറയാനും അവനു സാധിക്കും. പള്ളീലച്ചമ്മാരെ പിടിച്ചു കെട്ടിവച്ച് കണക്കു പറയിച്ച ചരിത്രവും കടപ്പുറത്തിനുണ്ട്. ഇങ്ങനെ പള്ളി അവന്റെ എല്ലാ ദിനചര്യകളിലും മുടങ്ങാതെ ഇടപെടുന്നുണ്ട്. പള്ളിയെന്ന ഒരു മതസ്ഥാപനത്തിനു വിധേയപ്പെട്ട് സാമൂഹീക ജീവിതം നയിക്കുന്നവരാണിവർ. കടലിലും കരയിലും കടൽമനുഷ്യർക്ക് അപകടമോ ദുരന്തമോ ഉണ്ടാകുമ്പോൾ ആശ്വാസമായി ഇതുവരെ ആദ്യമോടിയെത്തിയിട്ടുള്ളത് പള്ളിയും പള്ളി സംവിധാനങ്ങളുമാണ് എന്നതുകൊണ്ടു കൂടിയാണ് ഈ വിധേയത്വം. ഓഖിയും കേരളത്തിലെ മഹാപ്രളയവും ഇതിനുദാഹരണങ്ങളാണ്. ഓഖിയുടെ നേരത്ത് കടലിൽ കാണാതായവരുടെ ഉറ്റവരും ഉടയവരുമെല്ലാം കണ്ണുകളിൽ പ്രതീക്ഷ നിറച്ച് നല്ലവർത്തമാനങ്ങൾക്കായി കാത്തുകെട്ടിക്കിടന്നത് പള്ളിമുറ്റങ്ങളിലായിരുന്നു. പ്രളയനേരത്തും കൂട്ടമണിയടിച്ച് മത്സ്യത്തൊഴിലാളികളെ പള്ളിമുറ്റങ്ങളിലേക്കു കൂട്ടുകയായിരുന്നു വെള്ളപ്പൊക്കയിടങ്ങളിലേക്ക് വള്ളവുമായി പോകാൻ.
അപ്പോൾ ഇങ്ങനെ ഒളിക്യാമറ ഓപ്പറേഷനു കോപ്പു കൂട്ടുന്നതിനു മുൻപ് അവരുടെ സാമൂഹീക സാഹചര്യങ്ങളെക്കൂടി കണക്കിലെടുക്കണം ഏഷ്യാനെറ്റ്. അല്ലെങ്കിൽ ഒരു സമൂഹത്തിൽ വർഗ്ഗീയത ഉണ്ടാക്കാനേ അതുപകരിക്കൂ.
ലത്തീൻ സഭ ഒരു സമാന്തര സർക്കാരാണെന്നും മത്സ്യത്തൊഴിലാളി വിഭാഗം അതിനു വഴങ്ങി ജീവിക്കേണ്ടവരാണെന്ന നിലപാടൊന്നും എനിക്കില്ല. എന്നാൽ ലെസ്സർ ഈവിൾ എന്നൊരു കോൺസപ്റ്റ് ഉണ്ടല്ലോ. ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളി ഇടങ്ങൾ കൈയ്യേറിയിട്ടുള്ളതും അവരെ അവരുടെ ഇടങ്ങളിൽ നിന്നും പറഞ്ഞു വിട്ടിട്ടുള്ളതും മാറി മാറി ഭരിച്ച സർക്കാരുകളാണ്. കടൽഭൂമിയുടെ നഷ്ടത്തിനും മനുഷ്യരുടെ അഭയാർത്ഥികളായിപ്പോകലിനും ഇടയാക്കും എന്നറിഞ്ഞിട്ടും കടലിൽ കല്ലിടൽ അടക്കമുള്ള അശാസ്ത്രിയമായ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതും സർക്കാരാണ്.
അങ്ങനെയാണെങ്കിൽ മത്സ്യത്തൊഴിലാളി തന്റെ പരമ്പരാഗത തൊഴിലിടത്ത് പാർപ്പിടം ഒരുക്കുന്നത് എങ്ങനെ അപരാധമാകും??നിയമം തന്നെ അദാനിയെപ്പോലുള്ള കോർപ്പറേറ്റുകൾക്കുവേണ്ടി മാത്രം ഉണ്ടാക്കപ്പെടുമ്പോൾ കടൽപ്പണിക്കാരൻ എന്തുചെയ്യാനാണ്?? സർക്കാർ സ്പോൺസേർഡ് കോർപ്പറേറ്റുകൾ അല്ലെങ്കിൽ കോർപ്പറേറ്റ് സ്പോൺസേർഡ് സർക്കാരുകൾ കടലിൽ ഒരു നിർമ്മാണപ്രവർത്തനം നടത്തുമ്പോൾ അത് വികസനവും എന്നാൽ കടൽഭൂമിയുടെ യഥാർത്ഥ അവകാശികൾ അവിടെ തങ്ങൾക്ക് പാർക്കാനായൊരിടം കണ്ടെത്തുമ്പോൾ അതു പരിസ്ഥിതി ദോഷവുമാകുന്നതെങ്ങനെയാണ് ഏഷ്യാനെറ്റിന്?? കാണുമ്പോൾ എല്ലാം കാണുകയും പറയുമ്പോൾ എല്ലാം പറയുകയും ചെയ്യുന്നതല്ലേ നെറിയുള്ള മാധ്യമപ്രവർത്തനം? ഒളിക്യാമറയുമായി അടിമലത്തുറയിലേക്കെത്തി മത്സ്യത്തൊഴിലാളി സ്വന്തം ഭൂമി കയ്യേറിയെന്ന് വാർത്ത കൊടുത്ത ഏഷ്യാനെറ്റ് അടിമലത്തുറയിൽ തന്നെ അഞ്ചു ലക്ഷം രൂപവീതം കൊടുത്ത് പതിനെട്ടു മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വള്ളവും വലയും മറ്റ് ഏറ്റിനങ്ങളും എടുത്തുകൊണ്ടുപോയിട്ട് ഇനി ഞങ്ങൾ മത്സ്യത്തൊഴിലാളികളുടേതായ ഒരു ആനുകൂല്യവും കൈപ്പറ്റുകയില്ല എന്ന് അവരിൽ നിന്നും എഴുതിയൊപ്പിട്ടു വാങ്ങിയ സർക്കാർ നടപടിയെക്കുറിച്ചുകൂടി പറയാത്തതെന്തേ?? അദാനിക്ക് കപ്പലിൽ കൊണ്ടു വരുന്ന ചരക്ക് ഇറക്കി വയ്ക്കാൻ അടിമലത്തുറയിൽ സ്ഥലം വേണമത്രേ! അതുകൊണ്ട് അവിടെ നിന്ന് മത്സ്യത്തൊഴിലാളികളെ കൂട്ടത്തോടെ ഇറക്കിവിടുന്നതിന്റെ മുന്നോടിയായിട്ടാണ് അവിടത്തെ കടൽപ്പണിക്കാർക്ക് അഞ്ചു ലക്ഷം വച്ചു പണം കൊടുത്തിട്ട് മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അവരുടെ പേരു വെട്ടിയത്.
ഇപ്പോഴത്തെ ഈ വാർത്തയും കേരളത്തിലെ ഇടതുപക്ഷ സർക്കാരും അദാനിയും തമ്മിലുള്ള രഹസ്യ അജണ്ടയുടെ ഭാഗമായിട്ടുള്ളതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത് അവർ നൈസായിട്ട് ഏഷ്യാനെറ്റിനെക്കൊണ്ടു പറയിച്ചുവെന്നു മാത്രം! ഇനിയിപ്പോൾ മത്സ്യത്തൊഴിലാളികളൊക്കെ ചേർന്ന് കടപ്പുറത്ത് വീടു വച്ച് താമസം തുടങ്ങിയാൽ കോർപ്പറേറ്റുകൾക്കുവേണ്ടി അവരെ അവിടന്നോടിച്ചു വിടുക പ്രയാസമാണല്ലോ. ഹരിത ട്രിബ്യൂണലൊക്കെ അദാനിക്ക് സിമ്പിളായി നിർമ്മാണാനുമതി കൊടുക്കും ഒരു സംശയവുമില്ല.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മത്സ്യത്തൊഴിലാളി മേഖലയ്ക്കുവേണ്ടി രണ്ടായിരം കോടിയെന്നൊക്കെ ഡയലോഗടിച്ചിട്ട് അതിലെത്ര വിനിയോഗപ്പെടുത്തിയെന്നും പശ്ചിമഘട്ടത്തു നിന്നും കല്ലു കൊണ്ടുവന്ന് കടലിലിട്ടതല്ലാതെ ഏതൊക്കെ പദ്ധതികളാണ് മത്സ്യമേഖലയിൽ നടപ്പിലാക്കിയതെന്നും അവരെ തീരത്തു നിന്ന് ഓടിച്ചു വിട്ടതല്ലാതെ അവരുടെ ക്ഷേമത്തിനു വേണ്ടി സർക്കാർ എന്തൊക്കെയാണ് ചെയ്തതെന്നും ഏഷ്യാനെറ്റ് പറയാൻ തയ്യാറാകുമോ??
അതുകൊണ്ട്, ഇന്നും സ്വന്തമായി വീടോ വീടിനു പട്ടയമോ സ്വന്തമായി ഭൂമിയോ ഇല്ലാത്ത എത്ര കടൽമനുഷ്യർ തീരങ്ങളിൽ കഴിയുന്നുവെന്ന് ഒരു കണക്കെടുപ്പു നടത്താനും അവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റു പരിരക്ഷകളും ഒപ്പം കടൽഭൂമിയിന്മേൽ അവർക്കുള്ള അവകാശവും ഉറപ്പിച്ചുകൊടുക്കുകയുമാണ് ഇവിടത്തെ മുഖ്യധാര മാധ്യമങ്ങളും റവന്യൂ വകുപ്പും മറ്റു സർക്കാർ സംവിധാനങ്ങളും ചെയ്യേണ്ടത്.
@Vipin Das Thottathil
09 -02 -2020