ജൂൺ 24
സഭയിൽ ആഘോഷിക്കുന്ന മൂന്ന് സുപ്രധാന ജന്മദിനങ്ങളിലൊന്നാണ് സ്നാപക യോഹന്നാന്‍റെ ജനനത്തിരുന്നാള്‍. യേശുവിന്റെ ജനനത്തിരുന്നാള്‍, പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാള്‍ എന്നിവയാണ് സഭയില്‍ പരമ്പരാഗതമായി ആഘോഷിക്കുന്ന മറ്റു ജനനത്തിരുനാളുകള്‍.
അസാധാരണമായ പേരാണ് പരിച്ഛേദനാവസരത്തില്‍ സ്നാപക യോഹന്നാന് നൽകപ്പട്ടത്. അതിന്റെ അർത്ഥം – ദൈവം കൃപയുള്ളവനാണ് – എന്നാണ്. അത് രക്ഷാകര ചരിത്രത്തില്‍ യോഹന്നാന്‍ വഹിച്ച വലിയ പങ്കിനെ സൂചിപ്പിക്കുന്നു. അവൻ മിശിഹായുടെ മുന്നോടിയാണ്, പഴയതും പുതിയതുമായ നിയമങ്ങൾ തമ്മിലുള്ള പാലമാണ്, കർത്താവിന് വഴി ഒരുക്കാൻ മരുഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമാണ്.
ദൈവരാജ്യത്തിന്‍റെ ആദ്യ പ്രഭാഷകനായിരുന്നു അദ്ദേഹം. നിരവധി ശിഷ്യന്മാരെ സ്വന്തമാക്കിയെങ്കിലും, സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ അവരെ യേശുവിലേക്ക് നയിച്ചു, കൃത്യസമയത്ത്, അവൻ വഴിമാറിക്കൊടുത്തു: “അവൻ വലുതാകണം, ഞാൻ കുറയണം” എന്നത് മാത്രമായിരുന്നു സ്നാപകൻ്റെ ആപ്തവാക്യം.
യേശുവിന്റെ വരവിനെക്കുറിച്ച് ആവേശത്തോടെയും അധികാരത്തോടെയും സംസാരിച്ച അദ്ദേഹം സ്വന്തം ജീവിതത്തിലൂടെയും ശുശ്രൂഷയിലൂടെയും, പ്രസംഗത്തിലൂടെയും, മരുഭൂമിയിലെ സന്ന്യാസജീവിതത്തിലൂടെയും, മരണത്തിലൂടെയും അവന് സാക്ഷ്യം വഹിച്ചു:
യോഹന്നാൻ സ്നാപകന്റെ ജനനത്തിരുന്നാള്‍, നമ്മുടെ സ്വന്തം സുവിശേഷ ദൗത്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു: അതിതാണ്: ക്രിസ്തുവിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുക എന്നത്.