ഞാൻ ജീവിക്കേണ്ട ഇന്ത്യ എന്താണെന്ന് എന്നെ ഓരോ നിമിഷവും ഓർമ്മിപ്പിക്കുന്ന ഘടകമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖമെന്ന് റിട്ട. ചീഫ്. ജസ്റ്റിസ് ശ്രി. കുര്യൻ ജോസഫ്. ആശയവിനിമയത്തിനുള്ള ആഗോള കത്തോലിക്കാ അസോസിയേഷൻ, സിഗ്‌നിസ് ഇന്ത്യയുടെ ദേശീയസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ:
ഇന്ത്യ എന്ന രാജ്യത്തെ വ്യത്യസ്തരായ ഓരോ മനുഷ്യനേയും പരസ്പരം ഒന്നിപ്പിക്കുന്ന ഏക ഘടകം നമ്മുടെ ഭരണഘടനയാണ്.
ക്രിയാത്മകമായ എല്ലാ മതങ്ങളുടെയും ഇടപെടലുകൾക്കും, ഒട്ടനവധി മതങ്ങളുടെ ജനനത്തിനും സാക്ഷിയായ ഇന്ത്യ, എല്ലാ മതങ്ങളുടെയും ഗുണം അനുഭവിച്ചറിഞ്ഞ ഇന്ത്യ മതങ്ങളോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതുകൊണ്ടല്ല ആമുഖത്തിൽ മതേതരത്വം എന്ന വാക്ക് എഴുതി ചേർക്കാതിരുന്നത്.
പക്ഷേ 1975ഇൽ അത് എഴുതി ചേർക്കേണ്ടി വന്നു എന്നത് തന്നെ ഭരണഘടന നേരിടാൻപോകുന്ന ഭീഷണികളെ ദീർഘവീക്ഷണത്തോടെ കണ്ടതിന്റെ ഫലമായൊരുന്നു.
മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ എഴുതി ചേർത്തതുകൊണ്ടു മാത്രമല്ല നമ്മൾ നമുക്ക് വേണ്ടി നിർമ്മിച്ച ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നു തുല്യതയുയായത് കൊണ്ടാണ്. ഇന്ത്യ എല്ലാ മതങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും തുല്യ പരിഗണനയും നൽകുന്ന രാജ്യമാണ് എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. കുറെനാൾ മുമ്പ് വരെ ഭരണഘടനയുടെ മതേതരത്വ സ്വഭാവം എടുത്തു മാറ്റുന്നത് അസാധ്യമാണ് എന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ, ഇന്ന് ഞാനത് ബുദ്ധിമുട്ടുള്ളതാണ് എന്ന് മാറ്റി പറയാൻ നിർബന്ധിതനായിരിക്കുന്നു എന്നത് സത്യമാണ്.
ഞാൻ ദൈവത്തെ ഭയപ്പെടുന്നു ഒപ്പം പാവപ്പെട്ടവനെ പ്രീതിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു ഇത് ഫേവറേറ്റിസം അല്ല, ‘ഭരണഘടനാപരമായ കാരുണ്യം’ എന്നാണ് ഞാൻ ഇതിനെ വിളിക്കുക.