ക്യാൻസർ, മരണത്തിന്റെ
മറ്റൊരു പേരെന്ന നിലയില്‍ ജനമനസ്സുകളെ കീഴടക്കി കഴിഞ്ഞു. വൈദ്യ ശാസ്ത്രത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചയിലും ഈ രോഗത്തെ പൂർണമായി നിർമാർജനം ചെയ്യാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എല്ലാ വര്‍ഷവും ഫെബ്രുവരി നാലിന് ആഗോളതലത്തിൽ ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്.
ബോധവല്‍ക്കരണത്തിന്റെയും മുന്‍കരുതലിന്റെയും സന്ദേശവുമായി ഇന്ന് ക്യാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കകൾക്കും തെറ്റിദ്ധാരണകൾക്കും പരിഹാരവും കാണുവാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. ഒട്ടനേകം വ്യക്തികൾ ഇൗ രോഗാവസ്ഥയെ മുതലെടുത്ത് വ്യാജ മരുന്നുകൾ നൽകി സമ്പത്ത് നേടിയിട്ടുണ്ട്.
ലോക ജനതയെ മുഴുവന്‍ ക്യാൻസർ രോഗബോധവല്‍ക്കരണത്തിലൂടെ പുതിയ സമൂഹത്തെ സൃഷ്ടിക്കുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമാക്കുന്നത്.
തൊണ്ണൂറ് ലക്ഷത്തോളം ആളുകൾ ഓരോ വര്‍ഷവും ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നു എന്നാണ് ലോക ആരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഇവരില്‍ നാല്‍പതു ലക്ഷത്തോളംപേര്‍ മുപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ളവരാണ്.
സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 161 പുരുഷന്മാരും 165 വനിതകളും ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്ക്. പ്രതിവര്‍ഷം അരലക്ഷത്തിലധികം പേര്‍ക്ക് പുതുതായി കാന്‍സര്‍ രോഗം കണ്ടെത്തുന്നു. ഇരുപതിനായിരത്തിലേറെ പേര്‍ ഓരോ മാസവും കാന്‍സര്‍ ബാധ മൂലം മരണപ്പെടുന്നു എന്നാണ് 2018 വർഷത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ക്യാൻസർ വന്നാൽ അത് മരണത്തിൽ കലാശിക്കും എന്ന ചിന്തയും ഭയവും മരണനിരക്ക് കൂടുവാൻ ഇടവരുത്തുന്നു.
കോശവിഭജനത്തിനെ നിയന്ത്രിക്കുന്ന ജീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ക്യാന്‍സറിന്റെ അടിസ്ഥാന കാരണം. വിവിധ കാരണങ്ങള്‍കൊണ്ട് ജനിതക ഘടനയില്‍ മാറ്റമുണ്ടാകാം. പുകയില, മദ്യം, രാസവസ്തുക്കള്‍, റേഡിയേഷന്‍, കീടനാശിനികള്‍ തുടങ്ങിയവ ജനിതക ഘടനനയ്ക്കു മാറ്റമുണ്ടാക്കാം. മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ജനിതക മാറ്റം സംഭവിച്ച ജീനുകള്‍മൂലവും ക്യാന്‍സര്‍ വരാം. ഇതു പക്ഷേ അഞ്ചു മുതല്‍ എട്ടു ശതമാനം വരെയാണ്. ആധുനിക ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയിലാണ് ക്യാന്‍സര്‍. ഭക്ഷണത്തില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നുമൊക്കെ ഈ മാരകരോഗം പിടിപെടാം. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാനാവുമെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതീക്ഷയും ആത്മവിശ്വാസവുമാണ് ഇൗ രോഗത്തിടുള്ള പ്രതിരോധം എന്ന് പലവ്യക്തികളും അവരുടെ ജീവിതം കൊണ്ട് നമുക്ക് മാതൃക നൽകുന്നു. പ്രത്യാശയോടെ ജീവിതം മുന്നോട്ട് നയിക്കുവാൻ നമുക്ക് ഒരുങ്ങാം.