ക്രിസോസ്റ്റം തിരുമേനിയെ അനുസ്മരിച്ച്ആർച്ച്ബിഷപ് സൂസപാക്യം
ക്രൈസ്തവ സഭകൾക്കിടയിൽ ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്ന വ്യക്തിത്വമാണ് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. ഭാരത ക്രൈസ്തവ സഭയിൽ ഏറ്റവും കൂടുതൽ കാലം ശ്രേഷ്ഠ ഇടയന്റെ ധർമം നിർവഹിച്ച ക്രിസോസ്റ്റം തിരുമേനി ഏവർക്കും പ്രിയങ്കരനും വഴികാട്ടിയുമായിരുന്നു.
കാലം ചെയ്ത മാർത്തോമാ സഭാ മുൻ പരമാധ്യക്ഷന്റെ വിയോഗത്തിൽ നൽകിയ അനുശോചന സന്ദേശത്തിലാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ അനുസ്മരിച്ചത്. ബൈബിളിന്റെയും ദൈവശാസ്ത്രത്തിന്റെയും നിത്യനൂതന തത്വങ്ങളും പഠനങ്ങളും സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ നർമ്മബോധത്തോടെ അവതരിപ്പിക്കുന്ന അനിതര സാധാരണമായ വ്യക്തിത്വമായിരുന്നു അദ്ദേഹം.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ സുചിന്തിതമായ അഭിപ്രായം നിർഭയം പ്രകടിപ്പിച്ചിരുന്ന വലിയ മെത്രാപ്പോലീത്തയോടൊപ്പം മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ച അനുഭവം അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു.
അഭിവന്ദ്യ വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചിക്കുകയും മാർത്തോമാ സഭയിലെ മേലധ്യക്ഷന്മാരുടെയും വിശ്വാസികളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്ന് സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.