ക്രൈസ്തവര്‍ക്കു സിനഗോഗുകളിൽ പ്രവേശിച്ച് പ്രാർത്ഥിക്കാമെന്ന് ഉത്തരവിറക്കിക്കൊണ്ട് ‘ഓർ തോറ സ്റ്റോൺ’ എന്ന റബ്ബിമാരുടെ സംഘടന. പോളണ്ടിൽ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് റബ്ബിമാരുടെ സംഘടന ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. വാർസോയിൽ യഹൂദ കൂട്ടക്കൊലയുടെ ഓർമ്മദിനം ആചരിക്കാൻ എത്തിയതായിരുന്നു അവർ. കുരിശു ധരിച്ചെത്തുന്ന ക്രൈസ്തവർക്കും സിനഗോഗുകളിൽ പ്രവേശിക്കാൻ യഹൂദ റബ്ബിമാർ അനുവാദം നൽകി. ഏതാനും വർഷങ്ങൾ മുമ്പ് വരെ, ക്രൈസ്തവ മത ചിഹ്നങ്ങൾ കൈവശമുണ്ടെങ്കിൽ സിനഗോഗുകളിൽ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.
എന്നാൽ മിക്കയിടങ്ങളിലും പ്രത്യേകിച്ച് യൂറോപ്പിൽ, യഹൂദ മതത്തെ പറ്റി പഠിക്കാൻ മറ്റു മതസ്ഥർ ശ്രമിക്കുന്നതാണ് നിയമങ്ങളെ ഉദാരവത്കരിക്കാൻ യഹൂദർക്ക് പ്രേരണ നൽകിയ ഘടകമെന്ന് വിലയിരുത്തപ്പെടുന്നു. വിശുദ്ധ സ്ഥലത്തിനും യഹൂദ പ്രാർത്ഥനകൾക്കും ബഹുമാനം നൽകി സിനഗോഗുകളിൽ മറ്റ് മതസ്ഥര്‍ പ്രവേശിച്ചാൽ, അവർക്ക് അവിടെ പ്രാർത്ഥിക്കാമെന്ന് റബ്ബിമാർ പറഞ്ഞു. കുരിശ് ധരിച്ച ക്രൈസ്തവ വിശ്വാസികളുടെ സാന്നിധ്യത്തിൽ പ്രാർത്ഥിക്കാൻ യഹൂദർ മടി കാണിക്കരുതെന്ന് റബ്ബിമാർ നിർദ്ദേശം നൽകി. തോറ ചുരുളുകളും കൈവശം കൊണ്ടുവരാമെന്നും യഹൂദർ മറ്റ് മതസ്ഥരായ സുഹൃത്തുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അവർ പറഞ്ഞു.
വർഷങ്ങളായി ജർമ്മനിയിലും പോളണ്ടിലെ നിലനിന്നിരുന്ന യഹൂദ വിരുദ്ധതയുടെ പശ്ചാത്തലത്തിൽ, പ്രാർത്ഥനകളിൽ പങ്കു കൊള്ളാനും, തങ്ങളുടെ വിശ്വാസത്തെ പറ്റി ആഴത്തിൽ മനസ്സിലാക്കാനും മറ്റു മതസ്ഥർ കടന്നു വരുന്നത് ആകർഷകമായ ഒരു വെല്ലുവിളിയാണെന്ന് ഓർ തോറ സ്റ്റോൺ സംഘടനയുടെ അധ്യക്ഷന്‍ റബ്ബി എലിയാഹു ബർൺബാം പറഞ്ഞു. മതപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും മറ്റു മതസ്ഥരെ ബഹുമാനിക്കാനുള്ള മാർഗങ്ങൾ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.