അള്‍ത്താരകളില്‍ ബൈബിള്‍ വായിക്കാനും തിരുക്കര്‍മ്മങ്ങളില്‍ സഹായിക്കാനും വനിതകളെ അനുവദിക്കുന്ന തരത്തില്‍ കാനോന്‍ നിയമത്തില്‍ ഫ്രാന്‍സിസ് പാപ്പ ഭേദഗതി വരുത്തി. ഇതു സംബന്ധിക്കുന്ന കാനോന്‍ നിയമത്തിലെ (230,1) അത്മായ പുരുഷന്മാര്‍ എന്ന പ്രയോഗം അത്മായ വ്യക്തികള്‍ എന്നു തിരുത്തുകയാണു പാപ്പ ചെയ്തത്.
മിക്ക രൂപതകളിലും വനിതകള്‍ ബൈബിള്‍ വായിക്കുകയും അള്‍ത്താര ശുശ്രൂഷികളാകുകയും ചെയ്യുന്നുണ്ട്. അതു പക്ഷേ അതതു രൂപതാ മെത്രാന്മാരുടെ പ്രത്യേക അനുമതിയോടെ ആണ്. പ്രാദേശികമായ പ്രത്യേക അനുമതി ആവശ്യമില്ലാത്ത തരത്തില്‍ കാനോന്‍ നിയമത്തിലൂടെ തന്നെ ഇത് സാര്‍വത്രികമാക്കുകയാണ് ഫ്രാന്‍സിസ് പാപ്പ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ജ്ഞാനസ്‌നാനത്തിലൂടെ ലഭ്യമാകുന്ന രാജകീയ പൗരോഹിത്യത്തിന്റെ അടിസ്ഥാനത്തിലുള്ള അത്മായശുശ്രൂഷകള്‍ സ്ത്രീ, പുരുഷ ഭേദമില്ലാതെ അനുയോജ്യരായ എല്ലാ അത്മായരെയും ഭരമേല്‍പിക്കേണ്ടതുണ്ടെന്ന് ഇതു സംബന്ധിച്ച് വിശ്വാസകാര്യാലയത്തിന്റെ അദ്ധ്യക്ഷന് അയച്ച കത്തില്‍ പാപ്പ വിശദീകരിച്ചു.