കോവളം: കാക്കാമൂല സ്വർഗ്ഗാരോഹണ ദൈവാലയത്തിൽ യുവജന സംഗമവും ഇടവകയിൽ കെ.സി.വൈ.എം സ്ഥാപിതമായതിന്റെ സിൽവർ ജൂബിലി ആഘോഷവും നടന്നു. ജവനുവരി 28 ഞായറാഴ്ച ഇടവക വികാരി ഫാ. നെപ്പോളിയൻ ഗോമസിന്റെ അദ്ധ്യക്ഷതിയിൽ നടന്ന സമ്മേളനം അതിരൂപത യുവജനശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡാർവിൻ ഫർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയെന്നാൽ കത്തോലിക്ക സഭയോടെപ്പം പ്രവർത്തിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാ. ഡാർവിൻ ഫർണാണ്ടസ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിലെ അജ്ഞത കാരണം പലയിടങ്ങളിലും മാതാപിതാക്കൾ യുവജനങ്ങളെ കെ.സി.വൈ.എം പ്രസ്ഥാനത്തിലേക്കുള്ള കടന്നുവരവിന് തടസ്സം നില്ക്കുന്നൂവെന്ന് അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം പോലുള്ള യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് യുവജനങ്ങൾ ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്താർജ്ജിക്കുന്നതും തങ്ങളുടെ സർഗ്ഗാത്മകതകൾ വളർത്തുന്നതും. ഈയൊരു ലക്ഷ്യത്തിലൂന്നി കെ.സി.വൈ.എം പ്രസ്ഥാനം എല്ലാ ഇടവകകളിലും ശക്തിയാർജ്ജിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കെ.സി.വൈ.എം ഇടവക പ്രസിഡന്റ് ശ്രീ. റിജോ ഇഗ്നേഷ്യസ് സ്വഗതം പറഞ്ഞ സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി ജാൻസി ജോസ് ആമുഖവും, നിമിഷ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ഇടവകയുടെ യുവജന ചരിത്രം ഫെറോന സെക്രട്ടറി ദിവ്യ വി. സി യും അടുത്ത വർഷത്തെ കർമ്മ പദ്ധതി കൺവീനർ രാജിയും സമ്മേളനത്തിൽ അവതരിപ്പിച്ചു. കെ.സി.വൈ.എം-ലെ മുതിർന്ന വ്യക്തികളെയും മുൻ പ്രസിഡന്റുമാരെയും ഡോ. അംജിത്തിനെയും ആദരിച്ചു. കെ.സി.വൈ.എം അതിരൂപത സെക്രട്ടറി പ്രീതി, കോവളം ഫൊറോന പ്രസിഡന്റ് വിമിൻ എം. വിൻസന്റ്, വവ്വാമൂല ഇടവക പ്രസിഡന്റ് ജീൻ എന്നിവർ ആശംസകൾ നേർന്നു. ഇടവക സെക്രട്ടറി ശ്രീ. അമൽ ദേവ് സമ്മേളനത്തിൽ കൃതജ്ഞതയേകി. തുടർന്ന് യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.