2023 അവസാനിക്കുകയാണ്. ഈ വർഷം കത്തോലിക്കാ സഭയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ 5 സംഭവങ്ങളെ കുറിച്ചുള്ള ലഘു വിവരണങ്ങൾ:
1) ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മൃതസംസ്കാരം:
2022ലെ അവസാന ദിവസം. എല്ലാവരും 2023 നെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മരണവാർത്ത ആഗോള തലത്തില്‍ കത്തിപടര്‍ന്നത് അതിവേഗമായിരിന്നു. ജനുവരി 2ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലും ബസിലിക്കയിലും പാപ്പയുടെ മൃതദേഹം ഉള്‍പ്പെടുന്ന പെട്ടകം പൊതുദർശനത്തിനുവെച്ചപ്പോൾ അവസാനമായി വിട ചൊല്ലാന്‍ എത്തിയത് ആയിരങ്ങളായിരിന്നു. 2023 ജനുവരി 5ന് ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന അന്ത്യശുശ്രൂഷകള്‍ നേരിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി കോടികണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു.
2) പത്തുലക്ഷത്തിലധികം വിശ്വാസികള്‍ ഒരുമിച്ചു ചേര്‍ന്ന പേപ്പല്‍ ബലി:
2023 ജനുവരി 31-നാണ് ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എത്തിച്ചേര്‍ന്നത്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ 10 ലക്ഷത്തിന് മുകളിൽ വിശ്വാസികളുടെ പങ്കാളിത്തമാണ് ഉണ്ടായിരിന്നത്. എൻഡോളോ വിമാനത്താവളത്തിലാണ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഒരു ദശലക്ഷത്തിലധികം വിശ്വാസികള്‍ ഒരുമിച്ചു കൂടിയത്.
3) ലോക യുവജന സംഗമം- ലിസ്ബൺ 2023:
കോവിഡ് മഹാമാരിയെ തുടര്‍ന്നു മാറ്റിവെച്ച് നീണ്ട ലോക യുവജന സംഗമം (WYD) പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്നപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ ദശലക്ഷകണക്കിനു ആളുകള്‍ അതില്‍ ഭാഗഭാക്കായി. 2023 ഓഗസ്റ്റ് 1 മുതൽ 6 വരെ പോർച്ചുഗലിൽ നടന്ന പരിപാടിയില്‍, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് യുവജനങ്ങളുമായി ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്ച നടത്തി. ഈ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് പാപ്പ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രവും സന്ദര്‍ശിച്ചു.
4) ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു സമ്പൂർണ്ണ കുടുംബം വാഴ്ത്തപ്പെട്ട പദവിയില്‍
തിരുസഭ ചരിത്രത്തിലെ അത്യഅപൂര്‍വ്വ സംഭവത്തിന് വേദിയായ വര്‍ഷം കൂടിയായിരിന്നു 2023. പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് കൊല്ലപ്പെട്ട യോസേഫും, വിക്ടോറിയ ഉൽമയും അവരുടെ ഏഴ് മക്കളും അടക്കം ഒന്‍പതു പേരെയാണ് തിരുസഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ചു ഉയര്‍ത്തിയത്. സെപ്റ്റംബർ പത്താം തീയതി ഞായറാഴ്ച മാർക്കോവയിൽ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുപ്പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്.
5) സിനഡാലിറ്റിയുടെ സിനഡ്
രണ്ട് വർഷത്തെ തയ്യാറെടുപ്പിനും കൂടിയാലോചനകൾക്കും ഒടുവില്‍ ആഗോള കത്തോലിക്ക സഭയുടെ ആഗോള സിനഡ് ഒക്ടോബർ 4ന് ആരംഭിച്ചു. അതിൽ ആദ്യമായി അല്‍മായര്‍ ഉള്‍പ്പെടെ അന്‍പതിലധികം സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തിൽ ആദ്യമായി മെത്രാൻ സിനഡിന്റെ ആദ്യ സെഷനിൽ പങ്കെടുക്കുന്ന അഞ്ചു സന്യസ്‌തരില്‍ ഇന്ത്യയില്‍ നിന്നുള്ള കത്തോലിക്ക സന്യാസിനിയായ സി. മരിയ നിർമാലിനി എസിയും ഉണ്ടായിരിന്നു. ഒക്‌ടോബർ 28-ന് വത്തിക്കാൻ സിനഡിന്റെ സംഗ്രഹ റിപ്പോർട്ട് പരസ്യമാക്കിയിരിന്നു. സിനഡിന്റെ രണ്ടാം ഭാഗം 2024 ഒക്ടോബറിൽ തുടരും. അന്തിമ റിപ്പോര്‍ട്ടില്‍ ഏറെ ശ്രദ്ധേയമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.