സ്നേഹം തുളുമ്പുന്ന വീട് ഓർമ്മകൾക്ക് പകരം ഹൃദയം തകർക്കുന്ന നോവായി അവശേഷിക്കുന്ന കഥ പറയുകയാണ് കൊച്ചുതോപ്പ് ഇടവകയിലെ ലിറ്റിൽ ഫ്ലവർ.
തങ്ങളുടെ ഏറെനാളത്തെ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി പൂർത്തിയാക്കിയ ഭവനത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടലമ്മ കടന്നുവന്നത് 2020ൽ. വീട് കടലാക്രമണത്തിൽ ഭാഗികമായ നഷ്ടപ്പെട്ടു.
അമ്മയും ഭർത്താവും രണ്ട് പെൺമക്കൾ അടങ്ങുന്ന കുടുംബമാണ്, ജീവിതത്തിൻ്റെ ഓട്ടത്തിനിടയിൽ ഇല്ലാതായി പോയത് ഈ ചെറിയ കുടുംബത്തിൻ്റെ സ്വപ്നങ്ങളാണ്.
മൂത്തമകൾ മാർട്ടിനക്ക് ഓട്ടിസം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ട്. ഇളയമകൾ മോനിക്കയാകട്ടെ പ്ലസ് ടു പഠനം പൂർത്തിയാക്കി തുടർ വിദ്യാഭ്യാസത്തിനു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതു കൊണ്ടുതന്നെ പഠനം പാതിവഴിയിലായി നിൽക്കുന്നു. ഭർത്താവ് ആന്റണിയാകട്ടെ മത്സ്യത്തൊഴിലാളിയാണ്.
ഇനി ലിറ്റിൽ ഫ്ലവർ സംസാരിക്കും. കുറച്ചുകാലം ഞങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിച്ചു പിന്നെ പ്രശ്നങ്ങൾ കാരണം വാടകയ്ക്ക് പോയി, വാടക കൊടുക്കാൻ പോലും ഇപ്പൊൾ ഞങ്ങളുടെ കയ്യിൽ പൈസ ഇല്ല. കഴിഞ്ഞ മൂന്ന് വർഷക്കാലവും ഞങ്ങളെ സംബന്ധിച്ച് ദുരിതത്തിന്റെ കാലമായിരുന്നു. വളരെ സുരക്ഷിതമായിട്ടൊന്ന് അന്തിയുറങ്ങീട്ട് നാളേറെയായി. പെൺമക്കളുടെ സുരക്ഷിതത്വത്തെ ഓർത്ത് വല്ലാതെ പേടിയാകുന്നു. ഓരോ രാത്രിയിലും ഞങ്ങൾ പേടിച്ചു പേടിച്ചാണ് കഴിയുന്നത്.
ക്യാമ്പിൽ ആയിരുന്നപ്പോൾ തന്നെ മൂത്തമകളുടെ അവസ്ഥ വല്ലാതെ ബുദ്ധിമുട്ടിലായിരുന്നു സുഖമില്ലാത്തതുകൊണ്ട് തന്ന മറ്റുള്ളവരിൽ നിന്ന് അവഗണനയും പരിഹാസവും ഒറ്റപ്പെടുത്തലുമൊക്കെ ഉണ്ടായപ്പോഴാണ് മാറി, പ്രത്യേകം താമസിക്കണം എന്ന ആഗ്രഹത്തോടെ വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തത് കൊണ്ടുതന്നെ വാസയോഗ്യമല്ലാത്ത തകർന്ന ഭവനത്തിലാണ് താമസിക്കുന്നത്.
കടലിൽ തിരമാലകൾ ആർത്തുലക്കുമ്പോൾ ഈ വീട്ടമ്മയുടെ ഹൃദയത്തിന്റെ താളവും കൂടുന്നു, എപ്പോഴാണ് ബാക്കിയുള്ളതും കൂടി നിലംപൊത്തി വീഴുന്നതെന്ന് അറിയില്ല. ഇപ്പൊൾ പാകം ചെയ്യുന്ന ഭക്ഷണം പോലും കഴിക്കാൻ സൗകര്യമില്ല.
പ്രായപൂർത്തിയായ പെൺമക്കളുടെ തുടർ വിദ്യാഭ്യാസവും, ചികിത്സാചെലവും ചോദ്യചിഹ്നമായി ഈ വീട്ടമ്മയ്ക്ക് മുന്നിലുണ്ട്. ഇനിവരുന്ന രണ്ട് മാസങ്ങൾ കടൽ പ്രഷുബ്ദമാകുമ്പോൾ എന്ത് ചെയ്യുമെന്ന് ലിറ്റിൽ ഫ്ലവർ കണ്ണീരോടെ ചോദിക്കുന്നു. അധികാരികളുടെ കണ്ണുകൾ തുറക്കുമായിരിക്കും.
തന്റെ സങ്കടത്തിന്റെ കഥ പങ്കു വയ്ക്കുമ്പോഴും കടലാക്രമണം മൂലം വേദന തിന്നുന്ന ചുറ്റുവട്ടത്തെ തന്റെ അയൽക്കാരുടെ കഥ ലിറ്റിൽ ഫ്ലവർ വിസ്മരിക്കുന്നില്ല.