തീരത്തെ ആശങ്കകളോട് മുഖം തിരിച്ചു നിൽക്കുന്ന അധികാരികൾക്കുമുൻപിൽ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് കെ. ആർ. എൽ. സി. സി. യുടെ ആഭിമുഖ്യത്തിൽ, തുറമുഖനിർമ്മാണത്തോടെ കുടിയിറപ്പിക്കപ്പെട്ട മൂലംമ്പിള്ളിയിൽനിന്നുള്ളവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെപ്റ്റംബർ പതിനാലാം തീയതി ആരംഭിച്ച ജനബോധന യാത്ര, ഫോർട്ട് കൊച്ചി, ചെല്ലാനം,പുന്നപ്ര,ഹരിപ്പാട്,കോവിൽത്തോട്ടം വഴി സെപ്റ്റംബർ 18ന് രാവിലെ എട്ടുമണിക്ക് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ജംഗ്ഷനിൽ എത്തിച്ചേരുമെന്ന് സമരസമിതി.
തിരുവനന്തപുരം രൂപതയിൽ അഞ്ചുതെങ്ങിൽ നിന്നാരംഭിക്കുന്ന ജാഥ പെരുമാതുറ ജംഗ്ഷൻ,മരിയനാട്,തുമ്പ, വെട്ടുകാട്,വലിയതുറ, ബീമാപള്ളി, പൂന്തുറ തീരദേശങ്ങളിലൂടെ കടന്നുപോയി രണ്ടരയോടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചേരും. മൂന്നുമണിക്ക് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിൽ നിന്നാരംഭിക്കുന്ന കാൽനട ജാഥ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്യും. റാലി 5 മണിയോടെ വാണിജ്യ തുറമുഖ കവാടത്തിൽ എത്തും. ആയിരക്കണക്കിനാളുകൾ എല്ലാ പ്രദേശങ്ങളിൽ നിന്നും പങ്കെടുക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രശസ്ത അഭിഭാഷകനും, സാമൂഹിക പ്രവർത്തകനുമായ ശ്രീ. പ്രശാന്ത് ഭൂഷൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുര അതിരൂപത മെത്രാൻ ഡോ. തോമസ് ജെ നെറ്റോ അധ്യക്ഷനാകുന്ന സദസ്സിൽ നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ ഡോ. വിൻസെന്റ് സാമുവൽ, പത്തനംതിട്ട മലങ്കര രൂപതാദ്ധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറോനിയോസ്, സഹമെത്രാൻ ഡോ.ക്രിസ്തുദാസ് ആർ, അഡ്വ. തമ്പാൻ തോമസ്, സി.ആർ നീലകണ്ഠൻ, കെ. ആർ. എൽ. സി. സി. വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ്, ജാക്സൺ പൊള്ളയിൽ, തുടങ്ങിയവരും, മത്സ്യതൊഴിലാളി സംഘടനകൾ പരിസ്ഥിതി സംഘടനകൾ മനുഷ്യാവകാശ സംഘടനകൾ ദളിത് ആദിവാസി സംഘടനകൾ എന്നിവയെ പ്രതിനിധീകരിച്ച് അവയുടെ വിവിധ ഭാരവാഹികൾ സംസാരിക്കും.
മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം 62 ദിവസങ്ങൾ പിന്നിടുന്നു. സെപ്റ്റംബർ 19 ആം തീയതി മുതൽ ഒക്ടോബർ മൂന്നാം തീയതി വരെ 24 മണിക്കൂർ ഉപവാസ സമരത്തിനാകും സമരപ്പന്തൽ സാക്ഷിയാകുക. കൊച്ചി കേന്ദ്രീകരിച്ചും തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളെ കേന്ദ്രീകരിച്ചും സമരം സംസ്ഥാന ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും.മത്സ്യത്തൊഴിലാളി സമൂഹം ആവശ്യപ്പെടുന്ന ന്യായമായ ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ വൈവിധ്യമാർന്ന സമര പരിപാടികളുമായി മുന്നോട്ടു പോകാനും സമരസമിതി വിപുലീകരിക്കാനും തീരുമാനിച്ചതായി സമരസമിതി കൺവീനർ മോൺ. യൂജിൻ എച്ച് പെരേര ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ ഇരുപതാം തീയതി സെക്രട്ടറിയേറ്റ് പടിക്കൽ നിന്നും ആരംഭിച്ച സമരത്തിന്റെ രണ്ടാംഘട്ടത്തിൽ മേഖലാതല റാലികൾ, പ്രചരണ പരിപാടികൾ, പൊതുസമ്മേളനങ്ങൾ എന്നിവയ്ക്കായിരുന്നു ഊന്നൽ നൽകിയത്. മൂന്നാം ഘട്ടമായി മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉപകരണങ്ങളും മത്സ്യബന്ധന യാനങ്ങളുമായി ഓഗസ്റ്റ് പത്താം തീയതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടന്നിരുന്നു. അപ്പോഴും ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് ആറ് കിലോമീറ്റർ മാത്രമുള്ള വലിയതുറ ഗോഡൗണുകളിലും സ്കൂൾ വരാന്തകളിലും കഴിയുന്ന തുറമുഖ നിർമ്മാണം കാരണമുള്ള കടൽകയറ്റത്തിന്റെ ഇരകളായ 350 ഓളം കുടുംബങ്ങളുടെ സ്ഥിതി കാണാൻ ഭരണകൂടം മിഴി തുറന്നില്ല. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പതിനാറാം തിയതി കരിദിനം ആചരിച്ചുകൊണ്ട് യുവജനങ്ങളും തീരദേശവാസികളും കരിങ്കൊടികളുമായി പോർട്ട് കവാടത്തിലേക്ക് മാർച്ച് ചെയ്യുകയും രാപ്പകൽ സമരം ആരംഭിക്കുകയും ചെയ്തിരുന്നു.