ശ്രീകാര്യം, വികാസ് നഗർ സെന്റ്. ജോസഫ് ദേവാലയ ആശിർവാദ കർമ്മം മെയ്-1 ഞായറാഴ്ച 3:30 ന് ഇടവക വികാരി ഫാ.റോബിൻസൺ എഫ്. ന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ മോസ്റ്റ്.റവ.ഡോ.തോമസ് ജെ.നേറ്റോ പിതാവ് നിർവഹിച്ചു.പള്ളിയോടൊപ്പം ഇടവക പള്ളിമേടയും പാരിഷ് ഹാളും പിതാവ് ആശിർവദിച്ചു.
1920-ൽ ശ്രീകാര്യത്തിനടുത്ത് പട്ടാണികുന്ന് എന്ന സ്ഥലത്ത് ഓലപ്പുര കെട്ടി അലക്സാണ്ടർ ഉപദേശിയുടെ നേതൃത്വത്തിൽ കത്തോലിക്കാ വിശ്വാസികൾ ഒരുമിച്ച് കൂടുകയും പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും വൈദികർ മാസത്തിലോ മൂന്നുമാസത്തിലൊരിക്കലോ ബലിയർപ്പിക്കാൻ എത്തുകയും ചെയ്തു പോന്നിരുന് ലളിതമായ പ്രാരംഭമാണ് വികാസ് നഗർ ഇടവകയ്ക്കുള്ളത്. തുടർന്ന് 6 വർഷങ്ങൾക്ക് മുൻപ് ഇടവക അംഗങ്ങൾ ദൈവാലയ നിർമാണത്തിനായി പദ്ധതിയിട്ടു. 2019 മാർച്ച് 19ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ റവ. ഡോ. ക്രിസ്തുദാസ് പിതാവ് തറക്കല്ലിട്ടു. തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽ നോട്ട് നിരോധനം, ഓഖി, പ്രളയം,കോവിഡ് 19 എന്നിവയൊക്കെ തരണം ചെയ്ത് പുതിയ സെന്റ് ജോസഫ് ദേവാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിൽ വികാസ് നഗർ എത്തിനിൽക്കുന്നു.
ത്രീ ഇൻ വൺ എന്നാണ് അഭിവന്ദ്യ പിതാവ് ഈ ആശിർവാദ കർമ്മത്തെ വിശേഷിപ്പിച്ചത്.ഇടവക ജനങ്ങളുടെ സഹകരണത്തോടുകൂടി തറക്കല്ലിട്ട് അടിസ്ഥാനം പൂർത്തിയാക്കിയ ശേഷം നിരവധി സുമനസ്സുകളുടെ സഹകരണത്തോടെയാണ് ദേവാലയ നിർമ്മാണം പൂർത്തിയാക്കിയതെന്ന് ഇടവക വികാരി ഫാ.റോബിൻസൺ എഫ്. പറഞ്ഞു. ആശിർവാദ കർമ്മത്തിന് ശേഷം ദേവാലയ നിർമ്മാണത്തിന് സഹായിച്ച എൻജിനീയർ, തൊഴിലാളികൾ, സ്പോൺസർ എന്നിവർക്ക് ഇടവകയുടെ നന്ദിസൂചകമായി മൊമെന്റോ നൽകി. വികാസ് നഗർ ഇടവക ജനങ്ങൾക്കൊപ്പം നിരവധി വൈദികരും സന്യസ്തരും ആശിർവാദ കർമ്മത്തിൽ പങ്കെടുത്തു.