തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തലുകൾ തിരുവനന്തപുരം അതിരൂപത നടത്തിയ പഠനങ്ങളെ ശരിവയ്ക്കുന്നത്. മുതലപ്പൊഴിയിൽ ഹാർബർ നിർമ്മാണ സമയത്തുതന്നെ മത്സ്യത്തൊഴിലാളികളും അതിരൂപതയിലെ വിദഗ്ധരും നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടികാണിച്ചിരുന്നു. അന്നൊക്കെ ബന്ധപ്പെട്ടവർ അതൊക്കെ അവഗണിക്കുകയാണുണ്ടായത്. ഹാർബറിൽ അപകടങ്ങൾ ആരംഭിച്ചപ്പോഴും നിർമ്മാണത്തിലെ പിഴവ് സർക്കാർ സംവിധാനങ്ങൾ മുഖവിലയ്ക്കെടുത്തിരുന്നില്ല. തുടർന്നാണ് അതിരൂപതയും മത്സ്യത്തൊഴിലാളികളും ശക്തമായ പ്രതിഷേധമുയർത്തിയത്. അപ്പോഴും മന്ത്രിമാരുൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നവരെ ആക്ഷേപിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ഈ അവഗണനയും ആക്ഷേപവും നടത്തിയതിന് പകരം ആരംഭത്തിൽതന്നെ മത്സ്യത്തൊഴിലാളികളുടെയും അതിരൂപതയുടെയും വാദങ്ങൾ മുഖവിലയ്ക്കെടുത്ത് പരിഹാരമാർഗ്ഗങ്ങൾ തേടിയിരുന്നെങ്കിൽ ഇത്രയും പേരുടെ ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നു.
വിഴിഞ്ഞം അന്താരഷ്ട്ര തുറമുഖം വരുത്തുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാൻ ജനകീയ സമരസമിതി നിയോഗിച്ച ജനകീയ പഠന സമിതിയിലെ അംഗം ഡോ. ജോൺസൺ ജാമന്റ് ഉൾപ്പെടെയുള്ളവർ മുതലപ്പൊഴിയിലെ അശാസ്ത്രീയത ചൂണ്ടികാണിച്ചിരുന്നു അത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ കേന്ദ്ര ഏജൻസി നടത്തിയ പഠനത്തിലും കണ്ടെത്തിയിരിക്കുന്നത്. ദിനവും കടലിൽ പോയിവരുന്ന, കടലിനോട് ചേർന്ന് വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കടലറിവിനെയും അനുഭവങ്ങളെയും അവഗണിക്കുന്ന സർക്കാർ സമീപനങ്ങൾ മാറണം. കൃത്യമായി പഠനങ്ങൾ നടത്താതെ അല്ലങ്കിൽ യാഥാർത്ഥ്യങ്ങളെ മറച്ചുവച്ച് വികസനത്തിനു വേണ്ടി മാത്രം പഠനം നടത്തി പൊതുസമൂഹത്തിൽ അവ്യക്തത പരത്തി നടത്തുന്ന വികസനങ്ങൾ ആത്യന്തികമായി ജനവിഭാഗങ്ങളുടെ ജീവനും ജീവിതത്തിനും നിലനില്പ്പിനുതന്നെയും അപകടം സൃഷ്ടിക്കുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതുപോലുള്ള വികസന പ്രവർത്തനങ്ങളാണ് തിരുവനന്തപുരത്തെ തീരദേശത്തും നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
മുതലപ്പൊഴിയിലേത് വെറും അപകട മരണങ്ങളല്ല… അധികൃതരുടെ പഠിപ്പ്കേടും അവഗണനയും മൂലം നടന്ന കൊലപാതകങ്ങളായിരുന്നു. മുതലപ്പൊഴിയിൽ ഇതിനകം എഴുപതോളം ജീവനുകളാണ് നഷ്ടപ്പെട്ടത്. നിരവധി അത്സ്യബന്ധന യാനങ്ങൾക്കും ഉപകരണങ്ങൾക്കും പൂർണ്ണമായും ഭാഗികമായും നാശനഷ്ടങ്ങൾ സംഭവിച്ചു. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതമൂലം നഷ്ടമായ 70 മത്സ്യത്തൊഴിലാളികളുടെ ജീവന് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണം. കൂടാതെ ജീവനോപാധികൾക്കുണ്ടായ നഷ്ടപരിഹാരം വേറെയും. സർക്കാർ എത്രയും വേഗം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നല്കി, കടലുമായി ചേർന്ന് ജീവിക്കുന്നവരെ ശ്രവിച്ച് ശാശ്വതമായ പരിഹാരം മുതലപ്പൊഴിയിൽ നടപ്പിലാക്കണം. ഇനിയൊരു ജീവനും സർക്കാരിന്റെ പഠിപ്പ്കേട് മൂലം മുതലപ്പൊഴിയിൽ നഷ്ടപ്പെടരുത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖാഘാതം, മുതലപ്പൊഴിയിലെ അപകടകാരണങ്ങൾ ജനകീയ പഠന സമിതിയംഗവും സമുദ്ര ഗവേഷകനുമായ ഡോ. ജോൺസൺ ജാമന്റ് പങ്കുവയ്ക്കുന്നു. 👇