വത്തിക്കാൻ: വത്തിക്കാനിൽ, തിരുപ്പിറവിത്തിരുന്നാൾ രാത്രിക്കുർബ്ബാന വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ചു. ഇരുപത്തിനാലാം തീയതി രാത്രി (24/12/23) റോമിലെ സമയം 7.30-ന് ഇന്ത്യയിലെ സമയം രാത്രി 12 മണിക്ക് നടന്ന ദിവ്യബലിയിൽ കർദ്ദിനാളന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുൾപ്പടെ ഇരുന്നൂറ്റിയമ്പതോളം സഹകാർമ്മികരുണ്ടായിരുന്നു. ദിവ്യബലി മദ്ധ്യേ പുഷ്പാഞ്ജലി അർപ്പിക്കാൻ തിരഞ്ഞെടുത്ത പത്തു കുട്ടികളിൽ രണ്ടുപേർ മലയാളികളാണ്, ആറു വയസ്സുള്ള നോറ കോയിക്കലും 5 വയസ്സുള്ള ഐഡൻ ഷാജു എടത്തലയും. മറ്റുള്ളവർ ഇറ്റലി (3), മെസ്കിക്കൊ (1), ഐവറിക്കോസ്റ്റ് (2), കൊറിയ (2) എന്നീ നാട്ടുകാരാണ്. ചൈനീസ്, ഫ്രഞ്ച്, അറബ്, പോർച്ചുഗീസ്, വിയറ്റ്നാമീസ് എന്നീ ഭാഷകളിൽ വിശ്വാസികളുടെ പ്രാർത്ഥന നടന്നു.