തിരുവനന്തപുരം സാമൂഹിക ശുശ്രൂഷ സമിതിയുടെയും, കില, സഖി, കേരള പഞ്ചായത്ത് അസോസിയേഷൻ സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയാണ് ഉദ്ഘാടകനായെത്തിയ അതിരൂപതാ അധ്യക്ഷൻ തൻ്റെ സ്വതസിദ്ധമായ പുഞ്ചിരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്. ‘പഞ്ചായത്ത് പദ്ധതികളിലെ ലിംഗപദവി കാഴ്ചപ്പാടും ഇടപെടലും’ എന്ന വിഷയത്തിലെ ശില്പശാലയിൽ സംഘാടകർ ഉത്ഘാടനത്തിനായൊരുക്കേണ്ട വിളക്ക് സജീകരിക്കാൻ വിട്ടുപോയപ്പോഴാണ് സ്വാഗതം പറഞ്ഞയാൾ നൽകിയ വിശേഷണം അന്വർഥമാക്കി, സദസിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. വ്യത്യസ്തമാർന്ന ഈ ഉദ്ഘാടനത്തെ വേദിയും പുഞ്ചിരികൊണ്ട് ഏറ്റെടുത്തു.
2018 മുതലുള്ള മൂന്ന് വർഷ കാലയളവിൽ തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ് മേഖലകളിൽ നടത്തിയ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കരുംകുളം, കുളത്തൂർ, പൂവ്വാർ, അഞ്ചുതെങ്ങ്, കഠിനംകുളം എന്നീ തീരദേശ പഞ്ചായത്തുകളിലെ പൊതു പദ്ധതികളിലെയും, വനിതാഘടകപദ്ധതിയിലെയും ലിംഗനീതി വികസന കാഴ്ചപ്പാട്, ലിംഗ തുല്യതക്ക് ഉതകുന്ന പദ്ധതികൾ ഇവ ക്രോഡികരിച്ചുള്ള റിപ്പോർട്ട് അവതരണത്തിനായാണ് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശ്രീമതി ശാരദ ജി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പദ്ധതികളിൽ ഉൾപ്പെടുത്താവുന്ന ആശയങ്ങൾ അവതരിപ്പിക്കുകയും സർവ്വേ റിപ്പോർട്ട് വിലയിരുത്തുകയും ചെയ്തു. പരിപാടിയിൽ ഡോ. സാബാസ് ഇഗ്‌നേഷ്യസ്, ശ്രീമതി ശ്രീകല ടി. എസ്, ശ്രീ. ലൈജു വി, ശ്രീമതി അജിത അനി, ശ്രീമതി ചിഞ്ചു എം, ശ്രീ. സുധാർജുനൻ ജി, ശ്രീ. ലോറൻസ്, ശ്രീമതി മിനി സുകുമാർ, ഡോ. മൃദുൽ ഈപ്പൻ, ഡോ. ജോയ് ഇളമൺ, മോൺ. യൂജിൻ എസ്. പെരേര, ശ്രീ. ജിജു പി. അലക്സ്, ശ്രീമതി പുഷ്പലത മധു,ശ്രീമതി മേഴ്‌സി അലക്സാണ്ടർ എന്നിവർക്കൊപ്പം സംഘടനാ പ്രതിനിധികളും പങ്കെടുത്തു.