സഗ്രെബ്: ക്രൊയേഷ്യയിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ ഒരേ ദിവസം ദൈവീകശുശ്രൂഷയിലേക്ക്. രണ്ടു പേർ വൈദീക ശുശ്രൂഷയിലേക്കും, ഒരാൾ ഡീക്കൻ പദവിയിലും. ബ്രദർ റെനാറ്റോ പുഡാർ സ്പ്ലിറ്റ്മക്കാർസ്ക അതിരൂപതയ്ക്കുവേണ്ടിയും ബ്രദർ മാർക്കോ പുഡാർ ഫ്രാൻസിസ്ക്കൻ സഭയ്ക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിച്ചപ്പോൾ, സഹോദരനായ ബ്രദർ റോബർട്ട് പുഡാർ ഫ്രാൻസിസ്ക്കൻ സഭയിലാണ് ഡീക്കൺ പട്ടം സ്വീകരിച്ചത്.
യൂറോപ്പ്യൻ രാജ്യമായ ക്രൊയേഷ്യയിലെ കത്തോലിക്കാ സഭയിലാണ് മൂവരും തിരുപ്പട്ട ഡീക്കൻപട്ട ശുശ്രൂഷയിൽ പങ്കുകാരായത്. മൂന്ന് മക്കളെയും ദൈവശുശ്രൂഷയ്ക്ക് സമർപ്പിച്ചതിന്റെ അഭിമാന നിമിഷത്തിലാണ് ഐവാൻ പുഡാർ അനിറ്റാ പുഡാർ ദമ്പതികൾ. സോളിനിലെ ഹോളി ഫാമിലി ദൈവാലയത്തിൽ സ്പ്ലിറ്റ്മക്കാർസ്ക അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോൺ. സെലിമിർ പുൽജികിന്റെ നേതൃത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. ദൈവം വിളിക്കുമ്പോൾ നിങ്ങളുടെ ബലഹീനതയെ ഭയപ്പെടരുതെന്ന് വചനസന്ദേശത്തിലൂടെ മോൺ. പുൽജിക് നവവൈദികർക്ക് ആശംസകൾ നൽകി. പൂർണമായും വേർതിരിവില്ലാതെയും ദൈവത്തിന്റെ കരുതലിന് കീഴടങ്ങുക, അവിടുന്ന് നിങ്ങളെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിങ്ങളെ സധൈര്യരാക്കുന്നവനിലൂടെ, നിങ്ങളെ ശക്തിപ്പെടുത്തുന്നവനിലൂടെ എല്ലാം ചെയ്യാൻ നിങ്ങൾക്കാകും. എന്തെന്നാൽ നിങ്ങളിലൂടെ ഈ ലോകത്തിലെ മഹത്തായ പദ്ധതികൾ സാക്ഷാത്കരിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജനസംഖ്യയുടെ 78% കത്തോലിക്കരുള്ള ക്രൊയേഷ്യയിൽ, മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ അതിരൂപതയാണ് സ്പ്ലിറ്റ്മക്കാർസ്ക. 440,000ത്തിലധികം കത്തോലിക്കരുള്ള അതിരൂപതയാണിത്. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് ഹോളി ഫാമിലി ദൈവാലയത്തിൽ ദൈവീകശുശ്രൂഷ കർമ്മത്തിൽ സന്നിഹിതരായത്.