കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നിര്‍ണ്ണായകമായ വിദേശ-സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത അവസാനിപ്പിച്ച് നിലപാടുകള്‍ വ്യക്തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. കേരളത്തില്‍ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിനുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും സംരക്ഷിക്കപ്പെടണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലേക്ക് മാത്രമല്ല അന്യ സംസ്ഥാനങ്ങളിലേക്കും പഠനത്തിനും തൊഴിലിനുമായി കേരളത്തിലെ പുതുതലമുറയുടെ പറിച്ചുനടീല്‍ ഇന്ന് സജീവമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ പഠനത്തിനായി കടന്നുവരുവാന്‍ ഉതകുന്ന പദ്ധതികളും സര്‍ക്കാര്‍ ഉത്തരവുകളും ഉണ്ടാകണം. ഗവര്‍ണര്‍ – ഗവണ്‍മെന്റ് പോര്‍വിളികള്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിറംകെടുത്തുന്നു. കലാലയ രാഷ്ട്രീയത്തിന്റെ അതിപ്രസരവും തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനവും മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പവിത്രത നശിപ്പിച്ച് പിന്നോട്ടടിക്കുന്നു. രാജ്യാന്തര തൊഴില്‍ സാധ്യതകളുള്ള നവീന കോഴ്സുകളും ഗവേഷണ മേഖലയ്ക്കും സംരംഭകത്വത്തിനും മുന്‍തൂക്കം നല്‍കുന്ന പാഠ്യേതര രീതികളും നടപ്പാക്കുവാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുക്കണം. ജെ.ബി കോശി കമ്മിഷൻ മുഴുവന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു.
കൊച്ചി പാലാരിവട്ടം പി ഒസിയില്‍ ചേര്‍ന്ന കേരളത്തിലെ കത്തോലിക്ക മെഡിക്കല്‍, എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍, സ്വകാര്യ / സ്വാശ്രയ / എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, നഴ്സിങ്, ബി.എഡ് കോളജുകളുടെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സംയുക്ത സമ്മേളനം കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ത്യാഗപൂര്‍ണ്ണവും നിസ്വാര്‍ത്ഥവുമായ സേവനങ്ങളാണ് നൂറ്റാണ്ടുകളായി ക്രൈസ്തവ സമൂഹം പങ്കുവയ്ക്കുന്നത്. ഇതിനെ നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്ന് മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി അധ്യക്ഷത വഹിച്ചു. കെസിബി സി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി അറക്കല്‍, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍, റവ. ഡോ. അനില്‍ ജോര്‍ജ് സിഎംഐ, ഡോ. ജിയോ ജോസ് ഫെര്‍ണാണ്ടസ്, ഡോ. അല്‍ഫോന്‍സ വിജയ ജോസഫ്, റവ. ഡോ. റെജി പി. കുര്യന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, റവ. ഡോ. മാര്‍ട്ടിന്‍ കെ.എ, റവ. ഡോ. പോളച്ചന്‍ കൈത്തോട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.