തിരുവനന്തപുരം: രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ബയോപിക് ചിത്രം ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്സ്’ നവംബർ 17 ന് തിയേറ്ററുകളിൽ. തിരുവനന്തപുരത്ത് ലുലു പിവി ആർ, ശ്രീ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനകംതന്നെ രാജ്യാന്തരതലത്തിൽ മുപ്പതിലധികം പുരസ്ക്കാരങ്ങൾ നേടിക്കഴിഞ്ഞു.
1995 ഫെബ്രുവരി 25ന് ഇൻഡോറിലെ നേച്ചമ്പൂർ മലയിടുക്കിൽ വധിക്കപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിസ്റ്റർ റാണി മരിയയായി ഈ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്.
റിലീസിനുമുമ്പതന്നെ ഏറെ നേട്ടങ്ങൾ കൈവരിക്കുകയും, ശ്രദ്ധ നേടുകയും ചെയ്ത സിനിമ കാണാൻ നിരവധിപേരാണ് കാത്തിരിക്കുന്നത്. കന്യാസ്ത്രീ ഭവനങ്ങൾ, ബിസിസി യൂണിറ്റുകൾ, സ്കൂളുകൾ, ഇടവകകൾ, വിവിധ സ്ഥപനങ്ങൾ എന്നിവടങ്ങിൽ നിന്നൊക്കെ നിന്നൊക്കെ സിനിമ കാണുന്നതിനായുള്ള അന്വേഷണങ്ങളും തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. തുടക്കം മുതൽതന്നെ കൂടുതൽ കാണികളെത്തിയാൽ ചിത്രം കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് അറിയുന്നത്. വിവിധ നഗരങ്ങളിൽ പ്രിവ്യൂ ഷോകൾ നടന്നപ്പോൾ സംവിധായകൻ ചിത്രത്തിന്റെ വിജയത്തിനായി സഹായം അഭ്യർത്ഥിച്ചിരുന്നു.
ക്ഷമയുടെ പാഠങ്ങൾ പഠിപ്പിക്കുന്ന ഒരു മലയാളി കന്യാസ്ത്രീയുടെ ജീവിതകഥ പറയുന്ന ചിത്രം എത്ര കഠിനഹൃദയങ്ങളെയും അലിയിക്കുമെന്നാണ് ഇതിനകം ചിത്രം കണ്ടവർ പ്രതികരിച്ചത്. ഈറനണിഞ്ഞ കണ്ണുകളോടെയാണ് പ്രിവ്യൂഷോ കണ്ടവർ തിയേറ്ററിന് പുറത്തേക്കിറങ്ങിയത്. ഏവരും ഈ ചിത്രം തിയേറ്റർ അനുഭവത്തിൽ കണ്ടിരിക്കേണ്ട ഒന്നാണെന്ന് തിരുവനന്ത അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോയും എമിരിത്തൂസ് മെത്രാപ്പോലീത്ത സൂസപാക്യവും പ്രിവ്യൂ ഷോ കണ്ടതിന് ശേഷം പ്രതികരിച്ചിരുന്നു.