തിരുവനന്തപുരം: മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന “ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്‘ സിനിമയുടെ മലയാളം പതിപ്പ് തിരുവനന്തപുരത്ത് പ്രത്യേക ക്ഷണിതാക്കളടങ്ങിയ നിറഞ്ഞസദസിൽ പ്രദർശിപ്പിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശ്രീ തിയേറ്ററിൽ നടന്ന പ്രിവ്യൂ ഷോ കാണാൻ തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്ത, അഭിവന്ദ്യ സൂസപാക്യം എമിരിത്തൂസ് ആർച്ച് ബിഷപ്പ്, വികാർ ജനറൽ ഫ. യൂജിൻ എച്ച്. പെരേര, വൈദീകർ, സന്യസ്തർ, അല്മായർ, യുവജനങ്ങൾ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികളുൾപ്പെടെ സംവിധായകൻ ഷെയ്സൺ പി. ഔസേഫും അണിയറ പ്രവർത്തകരും എത്തിയിരുന്നു.
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ ഉത്തേജിപ്പിക്കുന്നു എന്ന പൗലോസ് അപ്പസ്തോലന്റെ വചനം വാഴ്ത്തപ്പെട്ട റാണിമരിയയുടെ ജീവിതത്തെ ആസ്പദമാക്കി പ്രേഷകരിലെത്തിക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചതായി തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത സിനിമ കണ്ടശേഷം പറഞ്ഞു. നിറകണ്ണുകളോടെയാണ് എല്ലാവരും സിനിമ കണ്ടത്. റാണിമരിയ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച ക്രിസ്തുദർശനം കാഴ്ചകാർക്ക് പകരാൻ സംവിധായകനും അണിയറപ്രവർത്തകർക്കും സാധിച്ചുവെന്നതിന് തെളിവാണിത്. വിശുദ്ധി നിറഞ്ഞ ഈ ജീവിതകഥ സിനിമയാക്കാൻ ഏഴ് വർഷത്തെ പ്രയത്നമുണ്ടായിരുന്നെന്ന് സംവിധായകനും അണിയറപ്രവർത്തകരും വെളിപ്പെടുത്തി. താനേറെ ഇഷ്ടപ്പെടുന്ന റാണിമരിയയുടെ ജീവിതം ഈ രൂപത്തിൽ കാണാനായതിന്റെ സന്തോഷം സൂസപാക്യം പിതാവ് പങ്കുവച്ചു. പലപ്പോഴും കണ്ണുകൾ ഈറനണിഞ്ഞതായും അദ്ദേഹം കൂട്ടിചേർത്തു.
സിനിമയുടെ അണിയറപ്രവർത്തകരെ അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര അഭിനന്ദിച്ചു. നവംബർ 17 ന് സിനിമ തിയേറ്ററുകളിലെത്തുമ്പോൾ സിനിമയുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ സംവിധായകൻ ഷെയ്സൺ പി. ഔസേഫ് അഭ്യർത്ഥിച്ചു. ഒപ്പം പ്രിവ്യൂ പ്രദർശനത്തിനാവശ്യമായ ഒരുക്കങ്ങൾ നടത്തിയ തിരുവനന്തപുരം മീഡിയകമ്മിഷൻ പ്രവർത്തക്ക് നന്ദി രേഖപ്പെടുത്തി.