ലോകമെമ്പാടുമുള്ള മെത്രാന്മാരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം, ഫ്രാൻസിസ് പാപ്പ, 1962 ലെ പഴയ ലത്തീൻ കുർബ്ബാനയുടെ ഉപയോഗം നിയന്ത്രിക്കുന്ന മാനദണ്ഡങ്ങൾ പുറത്തിറക്കി. റോമൻ റീത്തിലെ അസാധാരണ രൂപം എന്ന് ബനഡിക്ട് പതിനാറാമൻ വിശേഷിപ്പിച്ച്, 14 വർഷം മുമ്പ് അനുവദിച്ച മിസ്സാലിന്റെ ഉപയോഗത്തിനാണ് നിയന്ത്രണങ്ങൾ ഉണ്ടാകുന്നത്. 1970 ന് മുൻപുള്ള റോമൻ ആരാധനാക്രമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പാപ്പ മോട്ടു പ്രൊപ്രിയോ നൽകിയതോടെയാണ് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നത് . തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുന്ന കത്തും പാപ്പ ഉൾച്ചേർത്തിരുന്നു.
പരിഷ്കരണത്തിന് മുമ്പുള്ള ആരാധനാക്രമത്തിന് അനുസരിച്ചുള്ള ബലിയർപ്പണവും ആരാധനാക്രമം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വവും രൂപതയുടെ ആരാധനാ നിയന്താവായ മെത്രാനിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു എന്നതാണ് പുതിയ മാനദണ്ഡങ്ങളിൽ പ്രധാനം. പരിശുദ്ധ സിംഹാസനത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 1962 ലെ റോമൻ മിസ്സാലിനെ തന്റെ രൂപതയിൽ ഉപയോഗിക്കാൻ അംഗീകാരം നൽകാനുള്ള ഉത്തരവാദിത്വമാണ് ഇപ്പൊൾ രൂപതാധ്യക്ഷന് നൽകിയിരിക്കുന്നത്. 1962 ലെ മിസ്സാൽ ഉപയോഗിച്ചുള്ള ആരാധനാക്രമം പാലിക്കുന്ന സമൂഹങ്ങൾ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും, പരിശുദ്ധ സിംഹാസനത്തിന്റെ പ്രബോധന അധികാരത്തെയും, നിഷേധിക്കുന്നില്ലെന്ന് മെത്രാൻ സ്ഥിരീകരിക്കേണ്ടതുമുണ്ട്.
1962 ലെ മിസ്സാൽ അനുസരിച്ചുള്ള ബലിയർപ്പണം ഇനി പുതുതായി ഇടവകകളിൽ ഉണ്ടാകില്ല. അവ എവിടെ ഏതൊക്കെ ദിവസങ്ങളിൽ നടത്തണമെന്ന് പ്രാദേശിക മെത്രാൻമാരാണ് തീരുമാനിക്കുക. പ്രാദേശിക എപ്പിസ്കോപ്പൽ കോൺഫറൻസുകൾ അംഗീകരിച്ച വിവർത്തനപ്രകാരമുള്ള വായനകളായിരിക്കും ഉപയോഗിക്കേണ്ടത്. പഴയ ലത്തീൻ റീത്ത് ഉപയോഗിക്കുന്ന കൂട്ടായ്മകളുടെ കാർമ്മികനെ മെത്രാൻ തന്നെയാണ് നിയോഗിക്കേണ്ടതും. നിയുക്ത പുരോഹിതന് ആരാധനാക്രമ കാര്യങ്ങൾ മാത്രമല്ല, വിശ്വാസികളുടെ ഇടയനെന്ന നിലയിൽ അവരുടെ ആത്മീയ പരിപാലനമെന്ന ഉത്തരവാദിത്വവും നിറവേറ്റേണ്ടതുണ്ട്. ഈ ആരാധനക്രമത്തിന്റെ ഉപയോഗത്തിലൂടെ സഭാസമൂഹങ്ങൾക്ക് ബദലായി പുതിയ കൂട്ടായ്മകൾ രൂപപ്പെടുന്നില്ല എന്നും മെത്രാന്മാർ ഉറപ്പുവരുത്തണം.
പുതിയ വ്യവസ്‌ഥകൾ നിലവിൽ വന്ന ശേഷം പട്ടം സ്വീകരിക്കുന്ന പുരോഹിതർക്ക് പഴയ മിസ്സാൽ (1962 മിസ്സാൽ) പ്രകാരമുള്ള ദിവ്യബലി ചൊല്ലണമെങ്കിൽ രൂപത ബിഷപ്പിന് ഔദ്യോഗിക അഭ്യർത്ഥന സമർപ്പിക്കണം. അഭ്യർഥനക്ക് അംഗീകാരം നൽകുന്നതിനുമുമ്പ് പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശം തേടുകയും വേണം. ഇതിനോടകം ഈ രീതി ഉപയോഗിക്കുന്നവർക്ക് അത് തുടരാനുള്ള അനുമതി തങ്ങളുടെ രൂപതാധ്യക്ഷനിൽ നിന്ന് അഭ്യർത്ഥിക്കാം. ദിവ്യാരാധനയ്ക്കുള്ള തിരുസമൂഹവും സമർപ്പിത ജീവിതത്തിനുള്ള സമൂഹങ്ങളുടെ ഡികാസ്റ്ററിയും ഈ പുതിയ വ്യവസ്ഥകൾ പാലിക്കുന്നത് നിരീക്ഷിക്കും.
(കടപ്പാട് : Vatican Website)