കോട്ടയം: അന്യ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടപലായനം മൂലം സംസ്ഥാനത്ത് മസ്തിഷ്ക ചോര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന ഗുരുതരമായ ആശങ്ക പ്രകടമാക്കി കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍.
കുട്ടികളിന്നൊരു മായാലോകത്തിലാണ്. നമ്മുടെ കൈകളില്‍ നിന്നും കുട്ടികള്‍ പോയെന്ന് ഏറെക്കുറെ നിസംഗ മനോഭാവത്തോടെയെങ്കിലും പറയേണ്ടിവരും. അവരുടെ മനസ് പലപ്പോഴും സ്വന്തം നാട്ടിലല്ല. മറിച്ച് വിദേശ രാജ്യളിലാണ്. അതിനാല്‍തന്നെ കൂട്ടപലായനത്തിന് അവര്‍ തയ്യാറെടുത്തു നില്‍ക്കുകയാണെന്നും ഇതിന്‍റെ ഫലമായി നാടിന്‍റെ സ്വത്വവും, പരിശുദ്ധിയും, ആദിചൈതന്യവുമെല്ലം അന്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ വിശദമാക്കി. മായക്കാഴ്ചകളില്‍ മുഴുകുന്നതോടെയാണ് പ്രണയക്കെണികളും ലഹരിക്കെണികളും സംഭവിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തി.
വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വ്യാപകമായ തോതില്‍ കരുത്താര്‍ജ്ജിക്കുന്ന ലഹരി വസ്തുകളുടെ അതിപ്രസരത്തിലും കടുത്ത ആശങ്കയാണ് കെസിഎസ്എല്‍ ന് ഉള്ളത്. അതിനാല്‍തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്യഗൗരവത്തോടെയുള്ള അവബോധവും കൃത്യമായ ദിശബോധവും ഉണര്‍ത്തുവാന്‍ ഇത്തവണ പുറത്തിറക്കിയ സ്റ്റഡി സര്‍ക്കിള്‍ ലഹരിക്കെതിരെയുളളതാണെന്നും, കെസിഎസ്എല്‍ ഡയറക്ടര്‍ പറഞ്ഞു.